< Back
India
25 വര്‍ഷമായി തണലായി കൂടെയുണ്ട്; റിക്ഷാക്കാരന് ഒരു കോടിയുടെ സ്വത്തുക്കള്‍ എഴുതിവച്ച് വീട്ടമ്മ
India

25 വര്‍ഷമായി തണലായി കൂടെയുണ്ട്; റിക്ഷാക്കാരന് ഒരു കോടിയുടെ സ്വത്തുക്കള്‍ എഴുതിവച്ച് വീട്ടമ്മ

Web Desk
|
15 Nov 2021 11:17 AM IST

ഒഡിഷയിലെ കട്ടക്കിലുള്ള മിനാതി പട്നായികാണ് സ്വത്ത് കൈമാറിയത്

25 വര്‍ഷമായി എല്ലാത്തിനും കൂടെ നിന്ന് എല്ലായിടത്തും കൊണ്ടുപോയ സൈക്കിള്‍ റിക്ഷാക്കാരന് ഒരു കോടിയുടെ സ്വത്തുക്കള്‍ എഴുതിവച്ച് വീട്ടമ്മ. ഒഡിഷയിലെ കട്ടക്കിലുള്ള മിനാതി പട്നായികാണ് സ്വത്ത് കൈമാറിയത്.

മൂന്ന് നിലകളുള്ള വീടും സ്വർണാഭരണങ്ങളുമാണ് രണ്ട് പതിറ്റാണ്ടിലേറെയായി തന്‍റെ കുടുംബത്തെ സേവിക്കുന്ന റിക്ഷാ തൊഴിലാളിയായ ബുധ സമലിന് 63കാരിയായ മിനാതി സമ്മാനിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മിനാതിയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഹൃദയസ്തംഭനം മൂലം മകള്‍ കോമളും പിന്നീട് മരിച്ചു. ഈ സമയത്തൊക്കെ ബുധയും കുടുംബവുമാണ് മിനാതിക്ക് താങ്ങായി നിന്നത്. ''ഭര്‍ത്താവിന്‍റെയും മകളുടെയും മരണം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. ഈ സമയത്ത് ബന്ധുക്കള്‍ എന്നെ കയ്യൊഴിഞ്ഞു. ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടു. എന്നാല്‍ എന്‍റെ സങ്കടസമയത്ത് ഈ റിക്ഷാക്കാരനും കുടുംബവുമാണ് എനിക്ക് തണലായത്. പ്രതിഫലമൊന്നും പ്രതീക്ഷിക്കാതെ അവര്‍ എന്‍റെ കൂടെ നിന്നു. എന്‍റെ ബന്ധുക്കൾക്ക് ഇഷ്ടം പോലെ സ്വത്തുണ്ട്, എന്‍റേത് ഒരു പാവപ്പെട്ട കുടുംബത്തിന് നൽകാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു'' മിനാതി ഇന്ത്യ ടുഡേയോട് പറഞ്ഞു. തന്‍റെ മരണശേഷം ആരും അവരെ ഉപദ്രവിക്കാതിരിക്കാൻ ബുധനും കുടുംബത്തിനും എല്ലാം നിയമപരമായി ദാനം ചെയ്യാൻ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മിനാതി കൂട്ടിച്ചേര്‍ത്തു.

മിനാതിയുടെ മകളെ സ്കൂളിലും കോളേജിലുമൊക്കെ കൊണ്ടുപോയ്ക്കൊണ്ടിരുന്നത് ബുധയായിരുന്നു. ബുധയുടെ സത്യസന്ധതയുടെയും വിശാസത്തിന്‍റെയും വിലയൊന്നും തന്‍റെ സ്വത്തിനില്ലെന്നാണ് മിനാതി പറയുന്നത്. മിനാതിയുടെ മൂന്നു സഹോദരിമാര്‍ ബുധക്ക് സ്വത്ത് നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എതിര്‍പ്പുകളെയെല്ലാം അവഗണിച്ചു മിനാതി സ്വത്തുക്കള്‍ എഴുതിനല്‍കുകയായിരുന്നു.

മിനാതി ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് ബുധ റിക്ഷ വലിക്കുന്ന ജോലി ഉപേക്ഷിച്ചു, അവരുടെ അഭ്യർത്ഥന പ്രകാരം നാല് മാസം മുമ്പ് അദ്ദേഹം ഭാര്യയോടും മക്കളോടും ഒപ്പം മിനാതിയുടെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു. അഞ്ചു മക്കളാണ് ബുധക്ക്. സ്വത്ത് നല്‍കാനുള്ള തീരുമാനത്തെക്കുറിച്ച് മിനാതി അമ്മ തന്നോട് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി എന്ന് ബുധ സമാല്‍ പറഞ്ഞു.

Similar Posts