< Back
India
ഒളിച്ചോട്ടത്തിനിടെ കാമുകൻ ബലാത്സംഗം ചെയ്തു; സഹായിക്കാനെത്തിയ അപരിചിതന്‍റെ കൈ കൊണ്ട് ദാരുണാന്ത്യം; ഒഡിഷയെ നടുക്കി യുവതിയുടെ കൊലപാതകം
India

ഒളിച്ചോട്ടത്തിനിടെ കാമുകൻ ബലാത്സംഗം ചെയ്തു; സഹായിക്കാനെത്തിയ അപരിചിതന്‍റെ കൈ കൊണ്ട് ദാരുണാന്ത്യം; ഒഡിഷയെ നടുക്കി യുവതിയുടെ കൊലപാതകം

Web Desk
|
1 March 2026 10:48 AM IST

ഫെബ്രുവരി 22നാണ് സംഭവം

ഭുവനേശ്വര്‍: ഒഡിഷയിലെ ജഗത്സിംഗ്പൂരിൽ നടന്ന അത്യന്തം ക്രൂരവും ദൗർഭാഗ്യകരവുമായ സംഭവം നാടിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഒളിച്ചോടുന്നതിനിടെ കാമുകൻ ബലാത്സംഗം ചെയ്യുകയും സഹായിക്കാനെത്തിയ അപരിചിതൻ യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

ഫെബ്രുവരി 22നാണ് സംഭവം. 23വയസുകാരിയായ പെൺകുട്ടി കാമുകനായ അനുപ് സാഹുവിനൊപ്പം വീടുവിട്ടിറങ്ങാൻ തീരുമാനിച്ചിരുന്നു. ഇരുവരും വിവാഹിതരാകാൻ പദ്ധതിയിട്ടിരുന്നതായാണ് റിപ്പോർട്ടുകൾ എന്നാൽ, ഒളിച്ചോടുന്നതിനിടെ വിജനമായ സ്ഥലത്തെത്തിയപ്പോൾ കാമുകൻ തന്നെ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.തുടര്‍ന്ന് ബസ് സ്റ്റാൻഡിന് സമീപം ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ഈ സമയത്താണ് ജാർഖണ്ഡ് സ്വദേശിയായ പങ്കജ് സാഹു എന്നയാൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയുടെ അടുത്തേക്ക് എത്തിയത്. ഇയാൾ സഹായിക്കുന്നതിന് പകരം പാരദ്വീപ് പട്ടണത്തിലെ വാടക വീടിന്‍റെ ടെറസിലേക്ക് കൊണ്ടുപോയി വീണ്ടും ബലാത്സംഗം ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അങ്കിത് കുമാർ വർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

പിന്നീട് പ്രതി പെൺകുട്ടിയെ ടെറസിൽ നിന്നും തള്ളിത്താഴെയിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. പിറ്റേന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. ഫെബ്രുവരി 22 ന് വൈകിട്ട് പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് സഹോദരൻ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെടുത്തതിനെ തുടർന്ന് ഫെബ്രുവരി 23 ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരി 25 ന്, തന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സഹോദരൻ മറ്റൊരു പരാതി നൽകി, തുടർന്ന് വിശദമായ അന്വേഷണം ആരംഭിച്ചു.

ബിജു ജനതാദൾ (ബിജെഡി) പ്രസിഡന്റും ഒഡിഷ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ നവീൻ പട്നായിക് സംഭവത്തെ അപലപിക്കുകയും യുവതിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും സംസ്ഥാനത്തെ സ്ത്രീ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു.ഒഡീഷയിലുടനീളം സ്ത്രീകൾക്കെതിരായ സമീപകാല കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര ആശങ്കാജനകമായ ക്രമസമാധാന നിലയെ പ്രതിഫലിപ്പിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Similar Posts