< Back
India
ടിക്കറ്റെടുക്കാൻ പണമില്ല; ട്രെയിനിനടിയിൽ തൂങ്ങി 250 കിലോമീറ്റർ യാത്ര ചെയ്ത് യുവാവ്
India

ടിക്കറ്റെടുക്കാൻ പണമില്ല; ട്രെയിനിനടിയിൽ തൂങ്ങി 250 കിലോമീറ്റർ യാത്ര ചെയ്ത് യുവാവ്

Web Desk
|
28 Dec 2024 11:43 AM IST

പൂനെ-ധനാപൂർ എക്‌സ്‌പ്രസിലായിരുന്നു സംഭവം

ഭോപ്പാൽ: മധ്യപ്രദേശിൽ ടിക്കറ്റ് എടുക്കാൻ പൈസയില്ലാത്തതിനെ തുടർന്ന് ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. ഡിസംബർ 24നായിരുന്നു സംഭവം. റെയിൽവേ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന യുവാവ് ട്രാക്ക് നിരീക്ഷിക്കുന്ന ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ ഇവര്‍ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. തുടർന്ന് ട്രെയിന്‍ നിര്‍ത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാന്‍ പറഞ്ഞു.

ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര ചെയ്തതെന്നുമാണ് ചോദ്യം ചെയ്യലില്‍ റെയില്‍വെ പൊലീസിനോട് യുവാവ് പറഞ്ഞത്. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ആര്‍പിഎഫ് അന്വേഷിച്ച് വരികയാണ്. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയിയൽ പ്രചരിക്കുന്നുണ്ട്.

Similar Posts