< Back
India
modi greets om birla
India

മോദിയുടെ വിശ്വസ്തൻ; തുടർച്ചയായി രണ്ട് സഭകളിൽ സ്പീക്കർ പദവിയിലെത്തി ഓം ബിർല

Web Desk
|
26 Jun 2024 1:16 PM IST

സഭയിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്

ന്യൂഡൽഹി: തുടർച്ചയായി രണ്ട് സഭകളിൽ സ്പീക്കറാകാനുള്ള അവസരമാണ് ഓം ബിർലയെ തേടിയെത്തിയത്. മോദിയുടെ വിശ്വസ്തനെന്ന മേൽവിലാസമാണ് അദ്ദേഹം രണ്ടാമതും ആ പദവിയിൽ എത്തിച്ചത്. രാജസ്ഥാനിലെ കോട്ട ജില്ലയുടെ പ്രസിഡന്റായാണ് ഓം ബിർള ബി.ജെ.പി നേതൃനിരയിലെത്തുന്നത്.

പത്തുവർഷമായി രാജസ്ഥാനിലെ കോട്ട കാക്കുന്ന ബി.ജെ.പി നേതാവ്. പതിനേഴാം ലോക്സഭയുടെ സ്പീക്കർ പദവിയിലേക്ക് അപ്രതീക്ഷിതമായെത്തിപ്പോൾ ബി.ജെ.പി നേതാക്കൾ തന്നെ അമ്പരന്നു. പക്ഷെ ആദ്യാവസരം ഓം ബിർല സംഭവബഹുലമാക്കി.

സഭയിൽ പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കുന്നതിൽ സ്പീക്കർ വലിയ പങ്കുവഹിച്ചുവെന്ന ആരോപണം ഓം ബിർലയെ വിവാദ നായകനുമാക്കി. 2023ലെ ശൈത്യകാല സമ്മേളനത്തിൽ 49 എം.പിമാരെ സസ്പെന്‍റ് ചെയ്തത് ആ വിമർശനത്തെ ശരിവക്കുന്ന നടപടിയായി മാറി. ഈ പാർട്ടിക്കൂറിന് കിട്ടുന്ന അംഗീകാരം കൂടിയാണ് ഓം ബിർലയുടെ രണ്ടാമൂഴം. ഒപ്പം മോദിയുടെ വിശ്വസ്തനെന്ന മേൽവിലാസവും.

2003ൽ നിയമസഭാംഗമായി. 2014 കോട്ട എം.പിയായി ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി. ഭരണ പ്രതിപക്ഷ ധാരണയിൽ എതിരില്ലാതെ സ്പീക്കറെ തെരഞ്ഞെടുക്കുന്ന കീഴ്വഴക്കം ലംഘിച്ചാണ് ഇത്തവണ വോട്ടെടുപ്പ് നടന്നത്.

സ്പീക്കർ പദവിയിൽ 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അതേ സ്ഥാനത്ത് ഓം ബിർല തന്നെ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. 35 വർഷം മുമ്പ് കോൺഗ്രസ് നേതാവ് ബൽറാം ഝാക്കറാണ് ആദ്യമായി ഈ ബഹുമതിക്ക് അർഹനായത്. ടി.ഡി.പി നേതാവ് ജി.എം.സി ബാലയോഗി തുടർച്ചയായി രണ്ടുതവണ സ്പീക്കറായെങ്കിലും ആകെ നാല് വർഷം മാത്രമാണ് ആ പദവിയിലിരുന്നത്.

Similar Posts