< Back
India
അവർ വഞ്ചിക്കപ്പെട്ടതായി കരുതുന്നു; ലഡാക്ക് പ്രതിഷേധത്തിൽ ഒമർ അബ്ദുല്ല
India

'അവർ വഞ്ചിക്കപ്പെട്ടതായി കരുതുന്നു'; ലഡാക്ക് പ്രതിഷേധത്തിൽ ഒമർ അബ്ദുല്ല

Web Desk
|
25 Sept 2025 8:24 AM IST

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം ബുധനാഴ്ച അക്രമത്തിലേക്കും തീവെപ്പിലേക്കും തെരുവ് സംഘർഷത്തിലേക്കും കലാശിച്ചു. ഇതിൽ നാല് പേർ കൊല്ലപ്പെടുകയും 22 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ശ്രീനഗർ: ലഡാക്ക് പ്രതിഷേധത്തിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ലഡാക്കിന് സംസ്ഥാന പദവി വാഗ്ദാനം ചെയ്തിട്ടില്ലെങ്കിലും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് സംസ്ഥാന പദവി നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് എന്ത് തോന്നുന്നു എന്നതിന് ലേ പട്ടണത്തിലെ സാഹചര്യം ഒരു ഉദാഹരണമായിരിക്കണമെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.

'ലഡാക്കിന് സംസ്ഥാന പദവി പോലും വാഗ്ദാനം ചെയ്തിരുന്നില്ല. അവർ 2019ൽ കേന്ദ്രഭരണ പ്രദേശ പദവി ആഘോഷിച്ചു. എന്നാൽ ഇപ്പോൾ അവർ വഞ്ചിക്കപെട്ടതായി കരുതുന്നു.' ഒമർ അബ്ദുല്ല തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. 'ജനാധിപത്യപരമായും സമാധാനപരമായും ആവശ്യപ്പെട്ടിട്ടും ജമ്മു കശ്മീരിന് സംസ്ഥാന പദവി നൽകുമെന്ന വാഗ്ദാനം നിറവേറ്റപ്പെടാതെ തുടരുകയാണ്. ജമ്മു കശ്മീരിലുള്ളവർ എത്രമാത്രം വഞ്ചിക്കപ്പെട്ടവരും നിരാശരുമാണെന്ന് ഇപ്പോൾ സങ്കപ്പിച്ചു നോക്കൂ.' ഒമർ അബ്ദുല്ല കൂട്ടിച്ചേർത്തു.

ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭം ബുധനാഴ്ച അക്രമത്തിലേക്കും തീവെപ്പിലേക്കും തെരുവ് സംഘർഷത്തിലേക്കും കലാശിച്ചു. ഇതിൽ നാല് പേർ കൊല്ലപ്പെടുകയും 22 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലഡാക്കിലെ സാഹചര്യം കേന്ദ്രം ദൈനംദിന പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനപ്പുറം പ്രശ്‌നങ്ങളുടെ മൂലകാരണം പരിഹരികേണ്ടതുണ്ടെന്നും മുൻ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി പറഞ്ഞു.

'2019 മുതൽ യഥാർഥത്തിൽ എന്താണ് മാറിയതെന്ന് ഇന്ത്യാ ഗവൺമെന്റ് ആത്മാർത്ഥമായും സമഗ്രമായും വിലയിരുത്തേണ്ട സമയമാണിത്. ഈ വിഡിയോ അശാന്തിയുടെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന കശ്മീർ താഴ്‌വരയിൽ നിന്നുള്ളതല്ല. മറിച്ച് ലഡാക്കിന്റെ ഹൃദയഭാഗത്ത് നിന്നാണ്. അവിടെ കോപാകുലരായ പ്രതിഷേധക്കാർ പൊലീസ് വാഹനങ്ങളും ഒരു ബിജെപി ഓഫീസും കത്തിച്ചു.' മെഹ്ബൂബ എക്‌സിൽ പങ്കുവെച്ചു.

സമാധാനപരമായ പ്രതിഷേധങ്ങൾക്ക് വളരെക്കാലമായി പേരുകേട്ട ലേ പ്രദേശം ഇപ്പോൾ അക്രമാസക്തമായ പ്രകടനങ്ങളിലേക്കുള്ള അസ്വസ്ഥതയേറിയ മാറ്റത്തിന് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് മെഹ്ബൂബ മുഫ്തി പറഞ്ഞു.

Similar Posts