< Back
India
Omar condemns US sinking of Iranian warship
India

'ഇന്ത്യയുടെ അതിഥിയായെത്തിയ ഇറാനിയന്‍ കപ്പലിനെയാണ് ആക്രമിച്ചത്'; അപലപിച്ച് ഉമര്‍ അബ്ദുല്ല

ശരത് ലാൽ തയ്യിൽ
|
5 March 2026 7:37 PM IST

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് ആക്രമിച്ച് തകര്‍ത്തത്

ശ്രീനഗര്‍: ശ്രീലങ്കന്‍ തീരത്ത് ഇറാനിയന്‍ യുദ്ധക്കപ്പലിനെ യുഎസ് ആക്രമിച്ച് തകര്‍ത്തതിനെ അപലപിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. കപ്പലും അതിലെ അംഗങ്ങളും ഇന്ത്യയുടെ അതിഥികളായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിലുള്ള കശ്മീരികളുടെ സുരക്ഷ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്. ആളുകളെ തിരികെയെത്തിക്കാനുള്ള പദ്ധതി തയാറാക്കുകയാണ്. സാഹചര്യം മുതലെടുത്ത് കശ്മീരില്‍ അശാന്തി സൃഷ്ടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ശ്രീലങ്കന്‍ തീരത്ത് ഇറാന്‍ നാവികസേനയുടെ ഐആര്‍ഐഎസ് ദേന യുദ്ധക്കപ്പല്‍ യുഎസ് തകര്‍ത്തത്. വിശാഖപട്ടണത്ത് നടന്ന മിലാന്‍ 2026 നാവികാഭ്യാസത്തിലും ഇന്റര്‍നാഷണല്‍ ഫ്‌ലീറ്റ് റിവ്യൂവിലും പങ്കെടുത്ത് മടങ്ങുകയായിരുന്നു കപ്പല്‍. നാവികരും ജീവനക്കാരുമുള്‍പ്പെടെ 180 പേര്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ 87പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ നേവി 32 പേരെ രക്ഷപ്പെടുത്തി. 60ഓളം പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഫെബ്രുവരി 19മുതല്‍ 25 വരെ വിശാഖപട്ടണത്ത് നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ അമേരിക്കയും ഇറാനും ഉള്‍പ്പെടെ 18 രാജ്യങ്ങളിലെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്തിരുന്നു. ഇതില്‍ പങ്കെടുത്ത് മടക്കയാത്രയ്ക്കിടെയാണ് ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് തെക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് യുഎസ് മുങ്ങിക്കപ്പല്‍ ഐആര്‍ഐഎസ് ദേനയെ ആക്രമിച്ച് തകര്‍ത്തത്.

ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ യുഎസ് ഖേദിക്കേണ്ടിവരുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കടുത്ത ക്രൂരതയാണ് അമേരിക്ക കാണിച്ചതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി എക്സില്‍ കുറിച്ചു. 'ഇന്ത്യന്‍ അതിഥികളായിരുന്ന 130 നാവികരുമായി വരികയായിരുന്ന ഫ്രിഗേറ്റ് ദേനയെ മുന്നറിയിപ്പൊന്നും കൂടാതെയാണ് അന്താരാഷ്ട്ര ജലാശയത്തില്‍ ആക്രമിച്ചത്. ഇക്കാര്യം ഓര്‍ത്തുവെച്ചോളൂ, ഈ ക്രൂരതയ്ക്ക് യുഎസ് പശ്ചാത്തപിക്കേണ്ടിവരും' -അരാഗ്ചി കുറിച്ചു.

Similar Posts