< Back
India
സുഹൃത്ത് ക്ഷണിച്ചതില്‍ സന്തോഷം: അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
India

'സുഹൃത്ത് ക്ഷണിച്ചതില്‍ സന്തോഷം': അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

Web Desk
|
20 March 2022 11:11 AM IST

ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം

ഏപ്രില്‍ ആദ്യവാരം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്. ഇരു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30ആം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സന്ദര്‍ശനം. സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വിപുലീകരിക്കും.

"ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം 2022 ഏപ്രില്‍ 2ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ആദ്യ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനം നടത്തും"- ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ വിദേശ മാധ്യമ ഉപദേഷ്ടാവ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗ്ലാസ്ഗോയില്‍ നടന്ന യു.എന്‍ കാലാവസ്ഥാ വ്യതിയാന കോണ്‍ഫറന്‍സില്‍ വെച്ചാണ് നഫ്താലി ബെന്നറ്റിനെ, നരേന്ദ്ര മോദി ക്ഷണിച്ചതെന്നും വിദേശ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു.

"എന്‍റെ സുഹൃത്ത് പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം ഇന്ത്യയിലേക്ക് എന്‍റെ ആദ്യത്തെ ഔദ്യോഗിക സന്ദർശനം നടത്തുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ഞങ്ങൾ ഒരുമിച്ച് നമ്മുടെ രാജ്യങ്ങളുടെ ബന്ധത്തിന് വഴിയൊരുക്കും. മോദിയാണ് ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം പുനരാരംഭിച്ചത്. ഇത് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്. നമ്മുടെ രണ്ട് തനതായ സംസ്കാരങ്ങൾ തമ്മിലുള്ള ബന്ധം (ഇന്ത്യൻ സംസ്കാരവും ജൂത സംസ്കാരവും) ആഴത്തിലുള്ളതാണ്"- നഫ്താലി ബെന്നറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.

ഏപ്രില്‍ ‍2 മുതല്‍ 5 വരെയായിരിക്കും ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപ്രധാനമായ സഖ്യം വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ബെന്നറ്റിന്‍റെ മാധ്യമ ഉപദേഷ്ടാവ് പറഞ്ഞു. സന്ദർശന വേളയിൽ ഇന്ത്യയിലെ ജൂത സമൂഹവുമായി ബെന്നറ്റ് കൂടിക്കാഴ്ച നടത്തും.

Similar Posts