< Back
India
ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു; എൻസിആർബി റിപ്പോർട്ട്

Photo | ANI

India

ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ ആത്മഹത്യ ചെയ്യുന്നു; എൻസിആർബി റിപ്പോർട്ട്

Web Desk
|
2 Oct 2025 4:18 PM IST

മഹാരാഷ്ട്രയാണ് ആത്മഹത്യ നിരക്കിൽ മുന്നിലുള്ളത്

ന്യൂഡൽഹി: രാജ്യത്ത് ഓരോ മണിക്കൂറിലും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരാൾ ജീവനൊടുക്കുന്നു എന്ന കണക്കുകളുമായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻസിആർബി). 2023ലെ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകളുള്ളത്.

കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 10,786 പേരാണ് രാജ്യത്ത് 2023ൽ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം ആത്മഹ്യതളുടെ (171,418) 6.3 ശതമാനമാണ് ഈ കണക്ക്. ഇതിൽ 4,690 കർഷകരും 6,096 കർഷകത്തൊഴിലാളികളും ഉൾപ്പെടുന്നു. ആത്മഹത്യ ചെയ്ത മൊത്തം കർഷകരിൽ 4,553 പേർ പുരുഷന്മാരും 137 പേർ സ്ത്രീകളുമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് പ്രകാരം മഹാരാഷ്ട്ര ആണ് ആത്മഹത്യ നിരക്കിൽ മുന്നിലുള്ളത്. 38.5 ശതമാനമാണ് മഹാരാഷ്ട്രയിലെ ആത്മഹത്യ നിരക്ക്. കർണാടകയാണ് രണ്ടാം സ്ഥാനത്ത്. 22.5 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. ആന്ധ്രാപ്രദേശ് (8.6 ശതമാനം), മധ്യപ്രദേശ് (7.2 ശതമാനം), തമിഴ്നാട് (5.9 ശതമാനം) തുടങ്ങിയ സംസ്ഥാനങ്ങളാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്.

രാജ്യത്തെ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻസിആർബിയുടെ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ്, ഗോവ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര, ചണ്ഡീഗഡ്, ഡൽഹി, ലക്ഷദ്വീപ് എന്നിവയാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.

2022ൽ ആത്മഹത്യകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത ഉത്തരാഖണ്ഡ് 2023ൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. മുൻ വർഷങ്ങളിൽ ആത്മഹത്യകളുടെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ 2023ൽ പട്ടികയിൽ ഉൾപ്പെടുകയും ചെയ്തിട്ടില്ല. രാജ്യത്തെ ആകെ ആത്മഹത്യകളുടെ എണ്ണത്തിൽ 0.3 ശതമാനം വർധന രേഖപ്പെടുത്തിയതായി എൻസിആർബി റിപ്പോർട്ടിൽ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Similar Posts