< Back
India
പശ്ചിമബംഗാളിലെ ഒരാളെ ഒഴിവാക്കിയാൽ ലക്ഷം പേരുമായി ഞാനങ്ങ് വരും: തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിഷേക് ബാനർജി
India

'പശ്ചിമബംഗാളിലെ ഒരാളെ ഒഴിവാക്കിയാൽ ലക്ഷം പേരുമായി ഞാനങ്ങ് വരും': തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭിഷേക് ബാനർജി

Web Desk
|
12 Aug 2025 5:07 PM IST

വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അഭിഷേക് ബാനർജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഒരു വോട്ടറുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിന്ന് അന്യായമായി നീക്കം ചെയ്താൽ ലക്ഷം പേരെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ ഘെരാവോ ചെയ്യുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ്(ടിഎംസി) അഭിഷേക് ബാനർജി.

ബംഗാളിൽ നിർദിഷ്ട വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നടക്കില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ കൂടിയായ അഭിഷേക് ബാനർജി വ്യക്തമാക്കി.

'' സാധാരണയായി 1-2 വർഷം നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് വെറും 1-2 മാസത്തേക്ക് ബിജെപി ചുരുക്കുന്നത്. ഇങ്ങനെയാണ് ബംഗാളിൽ ബിജെപി എസ്‌ഐആർ നടപ്പിലാക്കാനാഗ്രഹിക്കുന്നത്. ദരിദ്രരായ ആളുകളാണ് ഇതുവഴി ആദ്യം ഒഴിവാക്കപ്പെടുക. ബിഹാറിൽ 65 ലക്ഷം പേരുകൾ നീക്കം ചെയ്തു''- കഴിഞ്ഞ വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തീവ്ര പരിഷ്കരണത്തിന് 'ഓകെ' പറയുന്നവരോട് ഒന്നെ പറയാനുള്ളൂ, അത് ബംഗാളില്‍ നടക്കില്ല. ഒരു പേര് നീക്കം ചെയ്താൽ, ഒരു ലക്ഷം ബംഗാളികളെ ഉപയോഗിച്ച് ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ ഘെരാവോ ചെയ്യും''- അദ്ദേഹം വ്യക്തമാക്കി.

''ബിജെപിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായി കമ്മീഷൻ പ്രവർത്തിക്കുന്ന രീതിയെ ഇന്‍ഡ്യ സഖ്യത്തിലെ എല്ലാ പാർട്ടികളും ഒരുപോലെ അപലപിച്ചതാണ്. തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നിട്ടുണ്ട്, അതും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി സഖ്യത്തിലെ എല്ലാ നേതാക്കളെയും ഇതേകാര്യം അറിയിച്ചു''- അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ലോക്സഭ പിരിച്ചുവിടണമെന്നും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Similar Posts