
ബെറ്റിങ് ആപ്പുകള്‍ക്ക് നിയന്ത്രണം; ഓണ്‍ലൈന്‍ ഗെയിമിങ് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
|ഓണ്‍ലൈന്‍ ഗെയിമിങ് ബിൽ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്
ന്യൂഡൽഹി: ഓണ്‍ലൈന്‍ ബെറ്റിങ് ആപ്പുകൾക്ക് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകളെ നിയമത്തിന്റെ ചട്ടക്കൂടിന് കീഴില്‍ കൊണ്ടുവരാനും ഡിജിറ്റല്‍ ആപ്പുകളിലൂടെയുള്ള ചൂതാട്ടത്തിന് പിഴ ചുമത്താനുമാണ് ബില്ല് കൊണ്ടുവരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്.
ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കര്‍ശന ശിക്ഷാവ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഓപ്പറേറ്റര്‍മാര്‍ക്ക് മാത്രമല്ല, ഇവയെ പ്രോത്സാഹിപ്പിക്കുന്നവർക്കും ഇവയുടെ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവര്‍ക്കും ബില്ലില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നുണ്ട്.
2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങിന് 28 ശതമാനം ജിഎസ്ടി കേന്ദ്രം ചുമത്തിയിരുന്നു. ഗെയിമുകളില്‍ വിജയിക്കുന്നതിലൂടെ ലഭിക്കുന്ന പണത്തിന് 2024-25 മുതല്‍ 30 ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്. വിദേശ ഗെയിമിങ് പ്ലാറ്റ്ഫോമുകളെയും നികുതിവലയ്ക്ക് കീഴില്‍ കൊണ്ടുവന്നിട്ടുണ്ട്. കൂടാതെ രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമായതോ ആയ സൈറ്റുകള്‍ തടയാന്‍ ഏജന്‍സികള്‍ക്ക് അധികാരവും നല്‍കിയിട്ടുണ്ട്.
2022നും 2025നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിങ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഭാരതീയ ന്യായസംഹിത പ്രകാരം അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷംവരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.