< Back
India
Only CM Modi can question PM Modi, say netizens as old video of him on terror lapses resurfaces
India

'സൈന്യം നിങ്ങളുടെ കൈയിലല്ലേ, എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു?'; മോദി മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രിയോട് ഉന്നയിച്ച ചോദ്യങ്ങൾ ചർച്ചയാവുന്നു

Web Desk
|
24 April 2025 8:55 PM IST

'തീവ്രവാദികൾക്കും നക്സൽ വാദികൾക്കും ആയുധങ്ങൾ എവിടെ നിന്ന് കിട്ടുന്നു? അവർ വിദേശ മണ്ണിൽ നിന്നല്ലേ വരുന്നത്? അതിർത്തികൾ പൂർണമായും നിങ്ങളുടെ ഉത്തരവാദിത്തത്തിൽ അല്ലേ?'- മോദി ചോദിച്ചു.

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽ​ഗാം ഭീകരാക്രമണത്തിൽ ‍ഞെട്ടിത്തരിച്ചിരിക്കുകയാണ് രാജ്യം. സുരക്ഷാ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ ചോദ്യങ്ങളുയരുകയാണ്. രാജ്യത്തേക്കുള്ള തീവ്രവാദികളുടെ കടന്നുകയറ്റത്തിനെതിരെ മുമ്പ് ​ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തിയ പ്രസം​ഗം ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. അന്നത്തെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനുമെതിരെ രൂക്ഷവിമർശനം ഉയർത്തുന്ന മോദി, സുരക്ഷാവീഴ്ചകൾ സംബന്ധിച്ച് വിവിധ ചോദ്യങ്ങളും ഉയർത്തിയിരുന്നു.

2012ലായിരുന്നു മോദിയുടെ പ്രസം​ഗം. 'നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരൂ. 'തീവ്രവാദികൾക്കും നക്സൽ വാദികൾക്കും ആയുധങ്ങൾ എവിടെ നിന്ന് കിട്ടുന്നു? അവർ വിദേശ മണ്ണിൽ നിന്നല്ലേ വരുന്നത്? അതിർത്തികൾ പൂർണമായും നിങ്ങളുടെ ഉത്തരവാദിത്തത്തിൽ അല്ലേ?'- എന്നൊക്കെയാണ് മോദിയുടെ ചോദ്യങ്ങൾ. അതിർത്തികളെ സുരക്ഷിതമാക്കണമെന്നും മോദി ആവശ്യപ്പെടുന്നു.

'ബിഎസ്എഫ്, തീരദേശ സുരക്ഷ, നേവി എല്ലാം നിങ്ങളുടെ കൈയിലല്ലേ? എന്നിട്ടും തീവ്രവാദികൾ എങ്ങനെ വരുന്നു? പണ വിനിമയം നിങ്ങൾ നിയന്ത്രിക്കുന്ന ആർബിഐയുടെ കൈയിലല്ലേ? എന്നിട്ടും അവർക്കെങ്ങനെ പണം കിട്ടുന്നു?. ആശയവിനിമയ സംവിധാനങ്ങൾ മുഴുവൻ കേന്ദ്ര സർക്കാരിൻ്റെ കൈയിലല്ലേ. തീവ്രവാദികൾ ഇ-മെയിൽ വഴിയും ഫോൺ വഴിയുമൊക്കെ ആശയവിനിമയം നടത്തുന്നു. എന്നിട്ടും നിങ്ങൾക്കെന്തു കൊണ്ട് അവരുടെ ആശയ വിനിമയങ്ങൾ പിടിച്ചെടുക്കാനും തടയാനുമാവുന്നില്ല'- മോദി പ്രസം​ഗത്തിൽ ചോദിക്കുന്നു.

'വിദേശ രാജ്യങ്ങളിൽ നിന്ന് ഹവാല വഴി ഇന്ത്യയിലെ തീവ്രവാദികളിലേക്ക് എത്തുന്ന ഫണ്ടിന്റെ ഒഴുക്ക് പ്രധാനമന്ത്രിക്ക് നിരീക്ഷിക്കാൻ പോലും കഴിയുന്നില്ലേ?. തീവ്രവാദികൾ രാജ്യത്തിന്റെ അധികാരം ഇല്ലാതാക്കാൻ നോക്കുമ്പോൾ ഡൽഹിയിൽ ഇരിക്കുന്ന സർക്കാർ അതൊന്നും കാണുന്നില്ല, അവർക്ക് ചോദ്യങ്ങൾക്ക് ഉത്തരമില്ല'- എന്നും മോദി പറഞ്ഞിരുന്നു.

ഈ പ്രസം​ഗം നടത്തി രണ്ടു വർഷത്തിനു ശേഷമാണ് 2014ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തുന്നതും മോദി പ്രധാനമന്ത്രിയാവുകയും ചെയ്തത്. മോദി പ്രധാനമന്ത്രിയായ ശേഷം പത്താൻകോട്ട്, ഉറി, പുൽവാമ അടക്കം നിരവധി ഭീകരാക്രമണങ്ങളാണ് രാജ്യത്ത് നടന്നത്. സൈനികരുൾപ്പെടെ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ചൊവ്വാഴ്ച വീണ്ടും ജമ്മു കശ്മീർ മറ്റൊരു ഭീകരാക്രമണത്തിന് സാക്ഷിയാവുകയും 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും ചെയ്തു.

ഇതിനു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടി വിമർശനങ്ങളുയരുന്നത്. ഇതിനിടെയാണ് മോദിയുടെ പഴയ പ്രസം​ഗം ട്വിറ്ററിലുൾപ്പെടെ വീണ്ടും ചർച്ചയായിരിക്കുന്നത്. പ്രധാനമന്ത്രി മോദിയോട് പ്രസക്തമായ ചില ചോദ്യങ്ങൾ ചോദിക്കാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു വ്യക്തി അദ്ദേഹം തന്നെയാണെന്ന് നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. പഹൽഗാം ആക്രമണത്തിനുശേഷം നിലവിലെ പ്രധാനമന്ത്രി ഒരു പത്രസമ്മേളനം നടത്തുകയോ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയോ ചെയ്തിട്ടില്ലെന്നും നെറ്റിസൺസ് പറയുന്നു. ഭീകരാക്രമണ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മോദി, നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാണ് നിലവിലുള്ളത്.


Similar Posts