< Back
India
Only Lord Rams traditions will remain in India, not Baburs: Yogi Adityanath
India

ബാബറുടെയല്ല, ശ്രീരാമന്റെ പാരമ്പര്യം മാത്രമേ ഇന്ത്യയിൽ നിലനിൽക്കൂ: യോഗി ആദിത്യനാഥ്

Web Desk
|
17 Dec 2024 12:16 PM IST

ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്, രാധേ രാധേ...തുടങ്ങിയവ നമ്മുടെ പൈതൃകത്തിന്റെ ഭാ​ഗമാണെന്നും മറ്റൊന്നും നമുക്ക് ആവശ്യമില്ലെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു.

ലഖ്‌നോ: ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശ്രീബുദ്ധന്റെയും പാരമ്പര്യം മാത്രമേ ഇന്ത്യയിൽ നിലനിൽക്കൂ എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബാബറുടെയും ഔറംഗസീബിന്റെയും പൈതൃകത്തിന് മങ്ങലേൽക്കുമെന്നും യോഗി യുപി നിയമസഭയിൽ പറഞ്ഞു. മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ഹിന്ദു സംഘടനകളുടെ റാലികൾ കടന്നുപോകുന്നത് സംഘർഷത്തിന് കാരണമാകുന്നുവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു യോഗിയുടെ പ്രതികരണം.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലൂടെ ഹിന്ദു റാലികൾ കടന്നുപോകരുതെന്ന് ഭരണഘടനയിൽ എവിടെയാണുള്ളതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. ''നിങ്ങൾ റാലി തടഞ്ഞാൽ ഞങ്ങളും വിടില്ല എന്ന പ്രതികരണമാണ് ഹിന്ദു പക്ഷത്തുനിന്ന് ഉണ്ടാവുന്നത്. പള്ളികൾക്ക് മുന്നിൽ റാലികൾ അനുവദിക്കാത്ത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഈ ആരുടെയെങ്കിലും സ്വന്തമാണോ? ഇത് പൊതു റോഡാണ്, അതിലൂടെയുള്ള റാലി ആർക്കെങ്കിലും തടയാൻ കഴിയുന്നത് എങ്ങനെയാണ്?''- യോഗി ആദിത്യനാഥ് പറഞ്ഞു.

ബഹ്‌റായിച്ചിൽ പാരമ്പര്യമായി നടക്കുന്ന റാലി നിർത്തിവെക്കേണ്ടിവന്നതാണ് സംഘർഷത്തിന് കാരണമായത്. റാലി നടത്താനുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചുവെന്നാണ് പറയുന്നത്. ജയ് ശ്രീരാം എന്നത് പ്രകോപനപരമായ മുദ്രാവാക്യമല്ല, അത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നാളെ അല്ലാഹു അക്ബർ എന്നത് ഞങ്ങൾക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞാൽ അംഗീകരിക്കുമോയെന്നും ആദിത്യനാഥ് ചോദിച്ചു.

നമ്മുടെ പൈതൃകം വളരെ വിശാലവും പുരാതനവുമാണ്...ജയ് ശ്രീരാം, ഹർ ഹർ മഹാദേവ്, രാധേ രാധേ...തുടങ്ങിയ അഭിവാദ്യങ്ങളുമായാണ് താൻ ജീവിതം മുഴുവൻ കഴിഞ്ഞത്. മറ്റൊന്നും നമുക്ക് ആവശ്യമില്ലെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.

Similar Posts