< Back
India
Operation Sindoor is being used by the Centre for political gains; Congress criticizes
India

'ഓപറേഷൻ സിന്ദൂറിനെ കേന്ദ്രം രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നു'; വിമർശനവുമായി കോൺഗ്രസ്

Web Desk
|
16 May 2025 10:12 PM IST

ഭീകരതക്ക് എതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധിസംഘത്തെ അയക്കാനുള്ള കേന്ദ്ര തീരുമാനത്തെ ജയറാം രമേശ് പിന്തുണച്ചു.

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനെ കേന്ദ്ര സർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ്. പാകിസ്താനെതിരായ സൈനിക നടപടിയിൽ ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്തിട്ടും പ്രധാനമന്ത്രിയും ബിജെപിയും കോൺഗ്രസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്തുകയാണെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മാത്രം പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനെ ജയറാം രമേശ് വിമർശിച്ചു. ഓപറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭീകരതക്ക് എതിരായ പ്രചാരണത്തിന് വിദേശത്തേക്ക് പ്രതിനിധിസംഘത്തെ അയക്കാനുള്ള കേന്ദ്ര തീരുമാനത്തെ ജയറാം രമേശ് പിന്തുണച്ചു.

കോൺഗ്രസ് എപ്പോഴും ദേശീയ താത്പര്യം മുൻനിർത്തിയാണ് നിലപാട് സ്വീകരിക്കാറുള്ളത്. ബിജെപി ചെയ്യുന്നതുപോലെ ദേശീയ സുരക്ഷാ വിഷയങ്ങളെ ഒരിക്കലും രാഷ്ട്രീയവത്കരിക്കില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് ഈ പ്രതിനിധി സംഘത്തിന്റെ ഭാഗമാവുമെന്നും ജയറാം രമേശ് വ്യക്തമാക്കി.

പാകിസ്താൻ ഭീകരതക്ക് നൽകുന്ന പിന്തുണ ലോകത്തിന് മുന്നിൽ തുറന്നുകാട്ടാനായി അടുത്ത ആഴ്ച വിവിധ രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രതിനിധിസംഘത്തിൽ ഒന്നിനെ നയിക്കുക കോൺഗ്രസ് നേതാവ് ശശി തരൂർ ആണ്. സിപിഎം, ഡിഎംകെ, എൻസിപി (ശരദ് പവാർ), തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളെയും പ്രതിനിധിസംഘത്തിന്റെ ഭാഗമാകാൻ കേന്ദ്രം ക്ഷണിച്ചിട്ടുണ്ട്.

Similar Posts