< Back
India
ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതെന്ന് യുഎസ്; സംയമനം പാലിക്കണമെന്ന്  ഐക്യരാഷ്ട്രസഭ
India

ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതെന്ന് യുഎസ്; സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ

Web Desk
|
7 May 2025 7:21 AM IST

ആക്രമണത്തില്‍ 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്

ന്യൂഡല്‍ഹി: പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചതാണെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. സ്ഥിതി​ഗതികൾ എത്രയും പെട്ടെന്ന് ശാന്തമാകട്ടെയെന്നും ട്രംപ് അറിയിച്ചു.

അതേസമയം,ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. സ്ഥിതി ഗതികളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്സ് ആശങ്ക രേഖപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ ലോകത്തിന് താങ്ങാൻ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനികനടപടിയിലൂടെ ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം.

'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.ആക്രമണത്തില്‍ 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.

കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു.കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിടങ്ങളിൽ ആക്രമണം നടത്തിയതായാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവൻ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 10ന് പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

തിരിച്ചടിയെ കുറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടൻ, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.

Similar Posts