< Back
India
റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്ക്കാലിക ഇളവ്; യുഎസ് നടപടിക്കെതിരെ പ്രതിപക്ഷം
India

റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് താത്ക്കാലിക ഇളവ്; യുഎസ് നടപടിക്കെതിരെ പ്രതിപക്ഷം

Web Desk
|
7 March 2026 7:55 AM IST

ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും ദേശീയ പരമാധികാരവും വലിയ ഭീഷണിയിലാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യയ്ക്ക് 30 ദിവസത്തെ താല്‍ക്കാലിക ഇളവ് അനുവദിച്ച അമേരിക്കന്‍ നടപടിക്കെതിരെ വിമര്‍ശനം ശക്തമാക്കി പ്രതിപക്ഷം. ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണവും ദേശീയ പരമാധികാരവും വലിയ ഭീഷണിയിലാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഫാസിസ്റ്റ് ഭരണാധികാരിയായ ട്രംപ്, ഉപരോധം നേരിടുന്ന രാജ്യങ്ങളോട് ഉപയോഗിക്കുന്ന അതേ ഭാഷയാണ് ഇന്ത്യയോടും ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേ സമയം വിഷയത്തില്‍ ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല. 2026 ഫെബ്രുവരി മാസത്തില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം എണ്ണ എത്തിച്ച രാജ്യങ്ങളിലൊന്ന് റഷ്യയാണ്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ റിഫൈനറികള്‍ പ്രതിദിനം ഏകദേശം 1.0 മുതല്‍ 1.7 ദശലക്ഷം ബാരല്‍ വരെ റഷ്യന്‍ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ചയാണ് റഷ്യയുടെ പക്കല്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് ഇളവ് നല്‍കിയത്. മാര്‍ച്ച് അഞ്ച് മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പ്പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രസ്താവനയിലുണ്ടായിരുന്നു. ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവെന്നും ഏപ്രില്‍ മൂന്ന് വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നതെന്നും പ്രസ്താവനയിലുണ്ട്. പിന്നാലെയാണ് പ്രതിപക്ഷ പ്രതിഷേധം.

Similar Posts