< Back
India
മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102 ആയി
India

മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102 ആയി

Web Desk
|
16 July 2022 7:07 AM IST

ഗുജറാത്തിൽ രക്ഷാ ദൗത്യത്തിനായി എൻ.ഡി.ആർ.എഫിന്‍റെ കൂടുതൽ യൂണിറ്റുകൾ എത്തി

മുംബൈ: മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 102 ആയി. ഗുജറാത്തിൽ രക്ഷാ ദൗത്യത്തിനായി എൻ.ഡി.ആർ.എഫിന്‍റെ കൂടുതൽ യൂണിറ്റുകൾ എത്തി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ ജാഗ്രതാ മുന്നറിയിപ്പുണ്ട്.

ഗുജറാത്തിലെ നവ്സാരി, വത്സാഡ് ജില്ലകളെ പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും ഗുജറാത്തിൽ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സേനാ വിഭാഗങ്ങളുടെ ഹെലികോപ്റ്ററുൾപ്പടെ രക്ഷാ ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഗുജറാത്തിലെ തെക്കൻ ജില്ലകളിലും സൗരാഷ്ട്രയിലും കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാനുള്ള സാധ്യത ഉണ്ട്. ജാഗ്രതാ നിർദ്ദേശത്തിന്‍റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ യൂണിറ്റുകൾ ഗുജറാത്തിൽ എത്തി. മഹാരാഷ്ട്രയിലെ നാസിക്, നന്ദുർബാർ, ബുൽധാന ജില്ലകളിലാണ് ഇന്നലെ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തത്.

സംസ്ഥാനത്തെ 20 ഗ്രാമങ്ങളിലായി 3787 പേരെയാണ് ഇതിനോടകം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. പരശുറാം ഘട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് മുംബൈ ഗോവ ദേശീയ പാത അടച്ചു. കർണാടകയിലും കൊങ്കൺ മേഖലയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ബിഹാർ, രാജസ്ഥാൻ, യുപി, മിസോറാം, മേഘാലയ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി വടക്കെന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വേനൽക്കാല വിളകൾക്കും മഴയിൽ നാശം സംഭവിച്ചു.

Related Tags :
Similar Posts