< Back
India
എല്ലാവര്‍ക്കും കൊടുത്തത് രണ്ട് ലഡു, എനിക്ക് മാത്രം ഒന്ന്; മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനില്‍ പരാതി
India

'എല്ലാവര്‍ക്കും കൊടുത്തത് രണ്ട് ലഡു, എനിക്ക് മാത്രം ഒന്ന്'; മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനില്‍ പരാതി

Web Desk
|
22 Aug 2025 8:48 AM IST

സ്വാതന്ത്രദിനത്തില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് പരാജയപ്പെട്ടുവെന്നാണ് പരാതി

ഭോപ്പാല്‍: പല തരം പരാതികളുമായി ദിവസേന നിരവധിയാളുകള്‍ സര്‍ക്കാറിന് മുന്നില്‍ എത്താറുണ്ട്. റോഡിലെ കുഴി, മാലിന്യ പ്രശ്‌നം, കുടിവെള്ളം ലഭിക്കാത്തത് അങ്ങനെയങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ അതില്‍ ഉണ്ടാകും.

എന്നാല്‍ വിചിത്ര പരാതിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഒരാള്‍. ഗ്രാമ പഞ്ചായത്ത് ഭവനില്‍ നടന്ന സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ തനിക്ക് രണ്ട് ലഡുവിന് പകരം ഒരു ലഡുമാത്രമാണ് ലഭിച്ചത് എന്നാണ് കമലേഷ് ഖുശ്വാഹ എന്ന ഗ്രാമവാസിയുടെ പരാതി.

മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ചാണ് കമലേഷ് ഖുശ്വാഹ പഞ്ചായത്തിന് എതിരെ പരാതി നല്‍കിയത്. പതാക ഉയര്‍ത്തിയ ശേഷം പങ്കെടുത്ത എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തു. രണ്ട് ലഡു താന്‍ ആവശ്യപ്പെട്ടുവെന്നും അവര്‍ നല്‍കിയില്ലെന്നുമാണ് പരാതി.

പതാക ഉയര്‍ത്തിയതിന് ശേഷം ശരിയായ രീതിയില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പഞ്ചായത്ത് പരാജയപ്പെട്ടുവെന്നും വിഷയം പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു. പഞ്ചായത്തും സംഭവത്തില്‍ വിശദീകരണം നല്‍കി.

'കമലേഷ് ഖുശ്വാഹ പുറത്ത് റോഡില്‍ നില്‍ക്കുകയായിരുന്നു. പ്യൂണ്‍ അദ്ദേഹത്തിന് ഒരു ലഡു നല്‍കി. എന്നാല്‍ രണ്ട് ലഡു വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത് നിരസിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ ഹെല്‍പ് ലൈനിലേക്ക് വിളിച്ചത്.

ഇത്തരത്തില്‍ പരാതി നല്‍കുന്നത് അയാളുടെ ശീലമാണ്. വിവിധ വിഷയങ്ങളിലായി മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനില്‍ ഇതുവരെ 107 പരാതികള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്', പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറഞ്ഞു.

വിഷയം പഞ്ചായത്ത് അധികൃതര്‍ തള്ളികളഞ്ഞില്ല. കാര്യം നിസാരമാണെങ്കിലും പെട്ടെന്ന് പരിഹരിക്കാന്‍ ഒരു കിലോഗ്രാം മധുരപലഹാരം വാങ്ങി അവ കമലേഷിന് നല്‍കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

Similar Posts