< Back
India
Our life incomplete without them Pahalgam hawker who saved tourist after attack
India

'അവരുടെ കരച്ചിൽ കണ്ട് എനിക്കും കണ്ണീർ വന്നു, അവരില്ലാതെ ഞങ്ങളുടെ ജീവിതം അപൂർണമാണ്'; പഹൽ​ഗാമിൽ പരിക്കേറ്റവരെ പുറത്തേറ്റി രക്ഷപെടുത്തിയ കച്ചവടക്കാരൻ

Web Desk
|
24 April 2025 3:21 PM IST

'പരിക്കേറ്റവർക്ക് ഞങ്ങൾ വെള്ളം കൊടുക്കുകയും നടക്കാനാവാത്തവരെ താങ്ങിയെഴുന്നേൽപ്പിക്കുകയും പുറത്തുകയറ്റുകയും ചെയ്തു'.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ പഹൽ​ഗാമിലെ ബൈസരനിൽ ഭീകരാക്രമണത്തിനു പിന്നാലെ വിനോദസ‍ഞ്ചാരികളെ പുറത്തേറ്റി രക്ഷപെടുത്തിയ ഒരു കശ്മീരി യുവാവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തിന്റെ പ്രവൃത്തിയെ വാഴ്ത്തിയത്. പ്രദേശത്തെ ഷാൾ കച്ചവടക്കാരനായ സജ്ജാദ് അഹമ്മദ് ഭട്ട് ആയിരുന്നു അത്.

സമാധാനാന്തരീക്ഷം തകർത്ത് വെടിയൊച്ചകൾ ഉയർന്നതോടെ താനും മറ്റ് പ്രദേശവാസികളും വിനോദസ‍‍ഞ്ചാരികളെ സഹായിക്കാൻ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതായി സജ്ജാദ് പറഞ്ഞു. 'മനുഷ്യത്വം മതങ്ങൾ‍ക്കും മുമ്പേ വന്നതാണ്'- തൊണ്ടയിടറി ഭട്ട് പറഞ്ഞു. താഴ്‌വരയിൽ നടന്ന ആക്രമണത്തെക്കുറിച്ച് പഹൽഗാം പോണി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ വഹീദ് വാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി അംഗങ്ങളെ അറിയിച്ചതിനെ തുടർന്നാണ് താൻ സ്ഥലത്തേക്ക് ഓടിയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

'ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഞങ്ങൾ സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വെള്ളം കൊടുക്കുകയും നടക്കാനാവാത്തവരെ താങ്ങിയെഴുന്നേൽപ്പിക്കുകയും പുറത്തുകയറ്റുകയും ചെയ്തു. പലരേയും ഞങ്ങൾ ആശുപത്രിയിലെത്തിച്ചു. വിനോദസഞ്ചാരികൾ കരയുന്നത് കണ്ട് എന്റെ കണ്ണിൽനിന്നും കണ്ണീർ വന്നു. അവരുടെ വരവ് ഞങ്ങളുടെ വീടുകളിലെ വിളക്കുകൾ കത്തിക്കുന്നു. അവരില്ലാതെ ഞങ്ങളുടെ ജീവിതം അപൂർണമാണ്'- അദ്ദേഹം മനസ് തുറന്നു.

'ഞാൻ എത്തിയപ്പോൾ അവിടമാകെ പരിഭ്രാന്തിയിലായിരുന്നു. എന്റെ ജീവിതത്തിൽ ഇതുപോലൊന്ന് കാണുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പരിക്കേറ്റവരെ ഞങ്ങൾ ചുമലിൽ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. പ്രതികരിക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. ആകെ മരവിച്ച അവസ്ഥയായിരുന്നു. വിലപിക്കുന്ന സ്ത്രീകളെ ഞങ്ങൾ സമാധാനിപ്പിക്കാൻ ശ്രമിച്ചു'- ഭീകരാക്രമണത്തെ കുറിച്ച് പ്രദേശത്തെ വാട്ട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ മറ്റുള്ളവരെ അറിയിച്ച പഹൽ​ഗാം പോണി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ വഹീദ് വാൻ പറഞ്ഞു.

ആക്രമണത്തിൽ പ്രദേശവാസികളിൽ ആരും ഉൾപ്പെട്ടിട്ടില്ലെന്നും സംഭവം തങ്ങളുടെ സമൂഹത്തെ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ടെന്നും വാൻ വ്യക്തമാക്കി. 'ഇതുമൂലം ഞങ്ങളുടെ ഉപജീവനമാർ​ഗം നഷ്ടപ്പെട്ടു. ഞങ്ങളുടെ കുട്ടികൾ നന്നായി പഠിക്കണമെന്നും സമാധാനത്തോടെ ജീവിക്കണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രതികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണം. ഞങ്ങൾ തകർന്നിരിക്കുകയാണ്'- അദ്ദേഹം തുടർന്നു.

മനുഷ്യത്വത്തിനാണ് പ്രഥമ പരിഗണനയെന്നും വാൻ പറഞ്ഞു. 'പരിക്കേറ്റവരെ സഹായിക്കുക എന്നത് ഞങ്ങളുടെ സഹജവാസനയായതിനാൽ ഞങ്ങൾ സ്വയം അപകടത്തിലാക്കി. അതാണ് ഞങ്ങൾ'- അദ്ദേഹം കൂട്ടിച്ചേർത്തു. ആക്രമണത്തിന് ഇരയായവരെ സഹായിക്കുക എന്നതിൽ മാത്രമായിരുന്നു തങ്ങളുടെ ഏക ശ്രദ്ധയെന്ന് ഭട്ടും വാനും കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15ലധികം പേര്‍ക്ക് പരിക്കേറ്റു.

സംഭവത്തിൽ പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.

Similar Posts