< Back
India
സർക്കാർ സ്‌കൂളിൽ ഭക്ഷ്യ വിഷ ബാധ; ഉച്ച ഭക്ഷണത്തിൽ പല്ലി വീണിരുന്നു എന്ന് നാട്ടുകാർ
India

സർക്കാർ സ്‌കൂളിൽ ഭക്ഷ്യ വിഷ ബാധ; ഉച്ച ഭക്ഷണത്തിൽ പല്ലി വീണിരുന്നു എന്ന് നാട്ടുകാർ

ശരത് ഓങ്ങല്ലൂർ
|
9 Feb 2026 5:41 PM IST

70 വിദ്യാർഥികൾ ചികിത്സയിലാണ്; ഒരു കുട്ടിയുടെ നില ഗുരുതരം

മധേപുര: ബിഹാറിലെ മധേപുര ജില്ലയിലെ സർക്കാർ സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികളിൽ 70 പേർക്ക് ഭക്ഷ്യവിഷബാധ. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു വിദ്യാർഥിയുടെ നില ഗുരുതരമായി തുടരുകയാണ്. ഉച്ചഭക്ഷണത്തിൽ പല്ലിവീണിരുന്നു എന്നും കുട്ടികളുടെ ശാരീരിക അസ്വസ്ഥതകൾക്ക് കാരണം അതാണെന്നും നാട്ടുകാർ ആരോപിച്ചു.

മധേപുര സദർ ബ്ലോക്കിലെ കരു ടോളയിലുള്ള അപ്ഗ്രേഡഡ് മിഡിൽ സ്‌കൂളിൽ ശനിയാഴ്ചയാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ഛർദിയും വയറുവേദനയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ കുട്ടികളെ സമീപത്തെ മധേപുര സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്ക കുട്ടികളും അപകടനില തരണം ചെയ്‌തെങ്കിലും ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ സഞ്ജയ് കുമാർ പറഞ്ഞു.

പല്ലി വീണുവെന്ന നാട്ടുകാരുടെ പരാതിയുടെ പശ്ചാത്തലത്തിൽ അന്നേ ദിവസം പാകം ചെയ്ത ഭക്ഷണത്തിന്റെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ സ്‌കൂൾ അധികൃതർക്കെതിരെയും പാചക ചുമതലയുള്ളവർക്കെതിരെയും നടപടിയുണ്ടാകും. സംഭവത്തിൽ സ്‌കൂൾ ഹെഡ്മാസ്റ്ററോടും ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരോടും വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

Related Tags :
Similar Posts