< Back
India
Over 97 Lakh Voters Deleted in Tamil Nadu Draft Rolls
India

97 ലക്ഷം വോട്ടർമാർ പുറത്ത്; തമിഴ്നാട്ടിലെ എസ്ഐആർ കരട് പട്ടിക പുറത്ത്

Web Desk
|
23 Dec 2025 5:06 PM IST

പുറത്താക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ചെന്നൈയിലാണ്. 14,25,018 പേരാണ് ഇവിടെ ഒഴിവാക്കപ്പെട്ടത്.

ചെന്നൈ: തമിഴ്നാട്ടിൽ ഒരു കോടിക്കടുത്ത് വോട്ടർമാരെ വെട്ടിമാറ്റി എസ്ഐആർ കരട് പട്ടിക പുറത്ത്. തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫീസർ അർച്ചന പട്നായിക്കാണ് കരട് പട്ടിക പുറത്തുവിട്ടത്. 97.3 ലക്ഷം വോട്ടർമാരാണ് പുറത്തായിരിക്കുന്നത്. ഇതിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ എണ്ണത്തിൽ 15.2 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.

2025 ഒക്ടോബർ 27ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിലെ വോട്ടർപട്ടിക മരവിപ്പിച്ചപ്പോൾ, തമിഴ്‌നാട്ടിൽ 6.41 കോടിയായിരുന്നു വോട്ടർമാരുടെ എണ്ണം. ഇപ്പോൾ ആകെ വോട്ടർമാരുടെ എണ്ണം 5.43 കോടിയായി കുറഞ്ഞു. അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ സാന്നിധ്യത്തിലാണ് എല്ലാ ജില്ലകളിലും കരട് പട്ടിക പുറത്തിറക്കിയതെന്ന് പട്നായിക് അവകാശപ്പെട്ടു.

കണ്ടെത്താനാകാത്തവർ/ സ്ഥലംമാറി പോയവർ, മരിച്ചവർ, ഡ്യൂപ്ലിക്കേറ്റ് (എഎസ്ഡിഡി) എന്നിങ്ങനെയാണ് വെട്ടിമാറ്റിയവരെ തരംതിരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒരു കോടിക്കടുത്ത് വോട്ടർമാരെ വെട്ടിമാറ്റിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. പുറത്താക്കപ്പെട്ടവരിൽ 66.44 ലക്ഷം പേരും 'സ്ഥലംമാറിപ്പോയവർ/കണ്ടെത്താനാകാത്തവർ' എന്ന ഗണത്തിലാണ്. 26.94 പേർ 'മരിച്ചവർ', 3.98 ലക്ഷം പേർ 'ഡൂപ്ലിക്കേറ്റ്' എന്നിങ്ങനെയാണ് പട്ടികപ്പെടുത്തിയിരിക്കുന്നത്.

പുറത്താക്കപ്പെട്ടവരിൽ ഏറ്റവും കൂടുതൽ പേർ ചെന്നൈയിലാണ്. 14,25,018 പേരാണ് ഇവിടെ ഒഴിവാക്കപ്പെട്ടത്. അതായത് മുൻ എണ്ണത്തേക്കാൾ 35.58 ശതമാനം ആളുകളുടെ കുറവ്. 4,004,694 വോട്ടർമാരാണ് ചെന്നൈയിൽ മുമ്പ് ഉണ്ടായിരുന്നത്. ഇപ്പോൾ ഇത് 25,79,676 പേർ മാത്രമാണുള്ളത്. ഇതിൽ 12,47,690 പേർ പുരുഷന്മാരും 13,31,243 പേർ സ്ത്രീകളും 743 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടുന്നു.

കരട് പട്ടികയ്ക്കെതിരെ രൂക്ഷവിമർശനവും ആശങ്കയും പ്രതിഷേധവും അറിയിച്ച് രാഷ്ട്രീയ പാർട്ടികളും നേതാക്കളും രം​ഗത്തെത്തി. കൂട്ട വോട്ടവകാശ നിഷേധമാണ് ഇതെന്ന് രാഷ്ട്രീയ വിശകലന വിദഗ്ദ്ധൻ യോഗേന്ദ്ര യാദവ് വിശേഷിപ്പിച്ചു. അഭൂതപൂർവമായ വോട്ട് വെട്ടലാണ് ഉണ്ടായിരിക്കുന്നതെന്നും സംസ്ഥാനത്തെ ആറ് കോടി മുതിർന്നവരിൽ ഏകദേശം 41 ലക്ഷം പേരുകൾ ഇല്ലാതാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ കരട് പട്ടികയിൽ അതിന്റെ ഇരട്ടിയിലേറെ പേർ പുറത്തായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

66.4 ലക്ഷം പേരുകൾ സ്ഥലംമാറ്റപ്പെട്ടതോ ഇല്ലാത്തതോ ആയി പട്ടികപ്പെടുത്തിയിരിക്കുന്നത് സൂക്ഷ്മമായി പരിശോധിക്കണമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടു. പട്ടിക പരിശോധിക്കാൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ബൂത്ത് ലെവൽ ഏജന്റുമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡിഎംകെ ഓർഗനൈസിങ് സെക്രട്ടറി ആർ.എസ് ഭാരതി പറഞ്ഞു.

അതേസമയം, ഒഴിവാക്കപ്പെട്ടവരിൽ കൂടുതലും വ്യാജ വോട്ടർമാരാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി അവകാശപ്പെട്ടു. തിരുത്തലുകൾക്കുള്ള സമയം നീട്ടിയിട്ടുണ്ടെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം (എഎംഎംകെ) ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ ചൂണ്ടിക്കാട്ടി.

പശ്ചിമ​ബം​ഗാളിൽ 58 ലക്ഷം പേരാണ് എസ്ഐറിന്റെ കരട് വോട്ടർ പട്ടിക പുറത്തുവന്നപ്പോൾ പുറത്തായത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പശ്ചിമബം​ഗാളിലും അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. എസ്ഐആറിലൂടെ ബിഹാറിലെ 47 ലക്ഷം വോട്ടർമാരെ പുറത്താക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പാണ് മറ്റ് സംസ്ഥാനങ്ങളിലും സമാനരീതിയിൽ കൂട്ടവെട്ടൽ. ബം​ഗാളിൽ ഒഴിവാക്കപ്പെട്ടവരിൽ 24 ലക്ഷം പേരെ 'മരിച്ചവർ' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 19 ലക്ഷം പേരെ 'സ്ഥലം മാറിപ്പോയവർ' എന്നും 12 ലക്ഷം പേരെ 'കാണാതായവർ' എന്നും 1.3 ലക്ഷം പേരെ 'ഡ്യൂപ്ലിക്കേറ്റ്' എന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.



Similar Posts