< Back
India
മധ്യപ്രദേശിലെ ആശുപത്രിയിലെ ഓക്‌സിജൻ പൈപ്പ് മോഷണം പോയി; ശ്വാസം മുട്ടി വലഞ്ഞ് 12 നവജാത ശിശുക്കൾ
India

മധ്യപ്രദേശിലെ ആശുപത്രിയിലെ ഓക്‌സിജൻ പൈപ്പ് മോഷണം പോയി; ശ്വാസം മുട്ടി വലഞ്ഞ് 12 നവജാത ശിശുക്കൾ

Web Desk
|
18 Dec 2024 10:09 PM IST

എൻഐസിയുവിലെ 12 നവാജാത ശിശുക്കൾ ഒരുമിച്ച് കരഞ്ഞതോടെ ആശുപത്രിയിൽ പരിഭ്രാന്തി

മധ്യപ്രദേശ്: ആശുപത്രി ഓക്‌സിജൻ സപ്ലൈ പൈപ്പ് മോഷണം പോയതിന് പിന്നാലെ ശ്വാസംമുട്ടി വലഞ്ഞ് എൻഐസിയുവിലെ നവജാത ശിശുക്കൾ. മധ്യപ്രദേശിലെ രാജ്ഘഡിലെ ജില്ലാശുപത്രിയിലാണ് സംഭവം.

ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിലെ എൻഐസിയുവിലേക്ക് ഓക്‌സിജൻ എത്തിക്കുന്ന 15 അടി നീളമുള്ള ചെമ്പ് പൈപ്പ് മോഷണം പോയത്. ശ്വാസം മുട്ടിയ കുഞ്ഞുങ്ങൾ ഒരുമിച്ച് പൊട്ടിക്കരഞ്ഞത് ആശുപത്രിയിൽ പരിഭ്രാന്തി പടർത്തി.

ഓക്‌സിജന്റെ അഭാവം വന്നതോടെ ആശുപത്രിയിലെ അലാറം മുഴങ്ങിയിരുന്നു. ഓക്‌സിജൻ പുനസ്ഥാപിക്കാനായി ആശുപത്രി ജീവനക്കാർ നെട്ടോട്ടമോടി. ഗുരുതരമായ അവസ്ഥയെ നിയന്ത്രിക്കാനായത് മറ്റൊരു ജംബോ ഓക്‌സിജൻ സിലിണ്ടർ സ്ഥാപിച്ചതോടെയാണെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.

വാർത്ത അറിയിച്ച ഉടൻ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. ആർ.എസ് മാഥുർ ആശുപത്രിയിലെത്തിയിരുന്നു. ഗുരുതരമായ അവസ്ഥയായിരുന്നെങ്കിലും ജംബോ സിലിണ്ടർ ഉപയോഗിക്കാനായത് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിച്ചെന്ന് ജില്ലാ മെഡിക്കൽ ഓഫീസറായ ഡോ. കിരൺ വാദിയ പറഞ്ഞു.

എൻഐസിയുവിൽ ഉണ്ടായിരുന്ന 20 ശിശുക്കളിൽ 12 പേർക്കും ഓക്‌സിജൻ ആവശ്യമുണ്ടായിരുന്നു. ആരാണ് മോഷണത്തിന് പിന്നിലെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Similar Posts