
അവധിയാഘോഷിക്കാൻ യുഎസിൽ നിന്നെത്തി; വെടിയേറ്റത് മൂന്നുവയസുള്ള മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ച്, നോവായി ബിതന്‍
|കൊല്‍ക്കത്ത സ്വദേശിയായ ബിതന്‍ 16ാംതീയതിയാണ് കശ്മീരിലെത്തിയത്
ശ്രീനഗർ: ജമ്മു കശ്മീരിലെപഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യുഎസിൽ നിന്നെത്തിയ കൊൽക്കത്ത സ്വദേശിയും. ഭാര്യക്കും മകനുമൊപ്പം അവധിക്കാലം ചെലവഴിക്കാനെത്തിയ ബിതൻ അധികാരി (36) ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഭാര്യ സോഹിനിക്കും മൂന്ന് വയസ്സുള്ള മകനുമൊപ്പം കശ്മീരിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു ബിതൻ. ഏപ്രിൽ 16നായിരുന്നു കുടുംബം കശ്മീരിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏപ്രിൽ 24 ന് തിരിച്ചുവരാനിരിക്കെയാണ് ഭീകരുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.
'അവർ കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു.ഞാനാണ് അവരോട് അവധിക്കാലം ആഘോഷിക്കാൻ നിർദേശിച്ചത്'. ബിതന്റെ ബന്ധുവായ ദീപക് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഏപ്രിൽ 8നാണ് ബിതാൻ യുഎസിൽ നിന്ന് തിരിച്ചെത്തിയത്. ഏപ്രിൽ 16 ന് അവർ കശ്മീരിലേക്ക് പോയി. അവരോടൊപ്പം വരാൻ വേണ്ടി എന്നോട് ആവശ്യപ്പെട്ടിരുന്നു.പക്ഷേ എനിക്ക് പോകാൻ കഴിഞ്ഞില്ല.ദിവസവും ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. കുതിരസവാരിക്ക് പോകരുതെന്ന് ഞാനവരോട് പറഞ്ഞിരുന്നു.പക്ഷേ ഇന്ന് എന്താണ് സംഭവിച്ചതെന്ന് കണ്ടില്ലേ..അവന്റെ കുഞ്ഞിന്റെ മുഖത്ത് ഞാനിനി എങ്ങനെ നോക്കും'..ദീപക് കണ്ണീരോടെ ചോദിച്ചു.വാർത്ത അറിഞ്ഞതിന് പിന്നാലെ ടിഎംസി മന്ത്രി അരൂപ് ബിശ്വാസ് ബിതന്റെ വീട്ടിലെത്തി കുടുംബത്തെ സന്ദർശിക്കുകയുംഎല്ലാ സഹായവും ഉറപ്പ് നൽകുകയും ചെയ്തു.
അതേസമയം,ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 28 ആയി. പരിക്കേറ്റ 15 പേർ ചികിത്സയിലാണ്.ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരിൽ ചിലരുടെ നില ഗുരുതരമാണ്. അനന്തനാഗ് ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിസയിൽ കഴിയുന്നത്.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഭീകരർക്കായുള്ള അരിച്ചുപെറുക്കിയുള്ള തെരച്ചിലാണ് പ്രദേശത്ത് നടക്കുന്നത്. സേനയും പൊലീസും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. കേസ് അന്വേഷിക്കുന്ന എൻ ഐ എ സംഘവും പഹൽഗാമിലെത്തി. പ്രദേശത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
ഭീകരാക്രമണം നടന്ന പഹൽഗാമിലെ ബൈസരൻ വാലി അമിത്ഷാ സന്ദർശിച്ചു.ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങളിൽ അമിത്ഷാ ആദരാഞ്ജലി അർപ്പിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും കണ്ടു.കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവരും ആദരാഞ്ജലി അർപ്പിച്ചു.