< Back
India
ഐക്യരാഷ്ട്ര സഭയുടെ പ്രധാന പദവികളിൽ പാകിസ്താൻ; ഇന്ത്യയുടെ വിദേശനയ തകർച്ചയെന്ന് കോൺഗ്രസ്
India

ഐക്യരാഷ്ട്ര സഭയുടെ പ്രധാന പദവികളിൽ പാകിസ്താൻ; ഇന്ത്യയുടെ വിദേശനയ തകർച്ചയെന്ന് കോൺഗ്രസ്

Web Desk
|
5 Jun 2025 8:11 PM IST

2025ലെ യുഎൻ സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും 15 രാജ്യങ്ങളുള്ള യുഎൻ ബോഡിയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനുമായിരിക്കും പാകിസ്താൻ

ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗൺസിലിന്റെ കീഴിലുള്ള ഒരു കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കും ഭീകരവിരുദ്ധ പാനലിന്റെ വൈസ് ചെയർമാൻ സ്ഥാനത്തേക്കും പാകിസ്താന്റെ പേര് വന്നതോടെ ഇന്ത്യയുടെ വിദേശനയത്തെ നിശിതമായി വിമർശിച്ച് കോൺഗ്രസ്. 2025ലെ യുഎൻ സുരക്ഷാ കൗൺസിലിന്റെ താലിബാൻ ഉപരോധ സമിതിയുടെ അധ്യക്ഷസ്ഥാനവും 15 രാജ്യങ്ങളുള്ള യുഎൻ ബോഡിയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനുമായിരിക്കും പാകിസ്താൻ. 'നമ്മുടെ സ്വന്തം വിദേശനയ തകർച്ചയുടെ ദുഃഖകരമായ കഥ' എന്നാണ് ഈ സംഭവങ്ങളെ കോൺഗ്രസ് നേതാവ് പവൻ ഖേര വിശേഷിപ്പിച്ചത്.

മെയ് 9ന് ഓപ്പറേഷൻ സിന്ദൂരിനിടെ ഐഎംഎഫ് പാകിസ്താന് ഒരു ബില്യൺ യുഎസ് ഡോളർ നൽകിയതായി കോൺഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം മേധാവി കൂടിയായ പവൻ ഖേര പറഞ്ഞു. 'ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെ ലോകബാങ്ക് പാകിസ്താന് 40 ബില്യൺ ഡോളർ നൽകാൻ തീരുമാനിച്ചു. ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെ ജൂൺ 3ന് എഡിബി പാകിസ്താന് 800 മില്യൺ ഡോളർ നൽകി.' അദ്ദേഹം എക്‌സിൽ കുറിച്ചു. ജൂൺ 4ന് പാകിസ്താൻ യുഎൻഎസ്‌സി താലിബാൻ ഉപരോധ സമിതിയുടെ ചെയർമാനായും യുഎൻഎസ്‌സി തീവ്രവാദ വിരുദ്ധ സമിതിയുടെ വൈസ് ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'തീർച്ചയായും ഇത് നമ്മുടെ സ്വന്തം വിദേശനയത്തിന്റെ തകർച്ചയുടെ ദുഃഖകരമായ കഥയാണ്. പക്ഷേ പാകിസ്താന്റെ തീവ്രവാദ സ്പോൺസർഷിപ്പിന്റെ തുടർച്ചയായ നിയമസാധുതയെ ആഗോള സമൂഹത്തിന് എങ്ങനെ അനുവദിക്കാൻ കഴിയും? പവൻ ഖേര ചോദിച്ചു.

അഫ്ഗാനിസ്താനിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന താലിബാനുമായി ബന്ധമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും മേൽ സ്വത്തുക്കൾ മരവിപ്പിക്കൽ, യാത്രാ വിലക്കേർപ്പെടുത്തൽ, ആയുധ ഉപരോധം ഏർപ്പെടുത്തൽ തുടങ്ങിയ നടപടികൾക്ക് ഉത്തരവാദിത്വമുള്ള 1988 കമ്മിറ്റി എന്നും അറിയപ്പെടുന്ന താലിബാൻ ഉപരോധ സമിതിയുടെ തലപ്പത്താണ് പാകിസ്താൻ വരുന്നത്. താലിബാൻ ഉപരോധ സമിതിയുടെ വൈസ് ചെയർപേഴ്സണുകളായി ഗയാനയും റഷ്യയും ഉണ്ടാകും.

ഡോക്യുമെന്റേഷൻ, മറ്റ് നടപടിക്രമ ചോദ്യങ്ങൾ, പൊതു യുഎൻഎസ്‌സി ഉപരോധ പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചുള്ള അനൗപചാരിക വർക്കിംഗ് ഗ്രൂപ്പുകളുടെ സഹ-അധ്യക്ഷ സ്ഥാനം പാകിസ്താൻ വഹിക്കും. 2025-26 കാലയളവിലേക്ക് 15 രാജ്യങ്ങളുടെ സുരക്ഷാ കൗൺസിലിൽ പാകിസ്താൻ അംഗമാവും. സുരക്ഷാ കൗൺസിലിലെ 15 അംഗങ്ങളും ഉൾപ്പെടുന്നതാണ് കൗൺസിലിന്റെ ഉപരോധ സമിതികൾ. 2021-22 കാലയളവിൽ കൗൺസിലിൽ അംഗമായിരുന്ന കാലത്ത് സഭയുടെ തീവ്രവാദ വിരുദ്ധ സമിതിയുടെ അധ്യക്ഷനായിരുന്നു ഇന്ത്യ.

Similar Posts