< Back
India
മുൻ സൈനിക മേധാവി നരവനയുടെ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ തർക്കം; രാഹുൽ സംസാരിക്കുന്നതിനിടയിൽ ഇടപെട്ട് പ്രതിരോധ മന്ത്രി
India

മുൻ സൈനിക മേധാവി നരവനയുടെ പുസ്തകത്തെച്ചൊല്ലി ലോക്‌സഭയിൽ തർക്കം; രാഹുൽ സംസാരിക്കുന്നതിനിടയിൽ ഇടപെട്ട് പ്രതിരോധ മന്ത്രി

Web Desk
|
2 Feb 2026 2:21 PM IST

ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് നൽകിയെന്ന ഗുരുതര ആരോപണമാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും നേർക്കുനേർ. മുൻ സൈനിക മേധാവി നരവനയുടെ പുസ്തകത്തെ ചൊല്ലിയാണ് തർക്കം. എന്തടിസ്ഥാനത്തിലാണ് പ്രകാശനം ചെയ്യാത്ത പുസ്തകത്തിലെ ഭാഗങ്ങള്‍ സഭയിൽ ഉന്നയിക്കുന്നതെന്ന് രാജ്നാഥ് സിങ് ചോദിച്ചു.

ലഡാക്കിൽ ഇന്ത്യൻ ഭൂമി ചൈനയ്ക്ക് നൽകിയെന്ന ഗുരുതര ആരോപണമാണ് രാഹുൽ ഗാന്ധി സഭയിൽ ഉന്നയിച്ചത്. സർക്കാർ മുൻ സൈനിക മേധാവിയുടെ ഓർമ്മക്കുറിപ്പ് പ്രസിദ്ധീകരിക്കുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. പുസ്തകത്തിലെ അഞ്ചുവരികള്‍ മാത്രമാണ് വായിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

പ്രസിദ്ധീകരിക്കാത്ത പുസ്തകത്തെക്കുറിച്ച് രാഹുൽ പരാമർശിക്കരുത് എന്ന് പ്രതിരോധമന്ത്രിയും ആഭ്യന്തരമന്ത്രിയും പറഞ്ഞു. പുറത്തു വരാത്ത പുസ്തകം വായിക്കാൻ ആകില്ലെന്ന് സ്പീക്കറും നിലപാട് എടുത്തതോടെ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. രാഹുൽഗാന്ധിയുടെ പ്രസംഗം തടസപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. പുസ്തകം പ്രകാശനം ചെയ്തതാണോ അല്ലെയോ എന്ന് വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധിയെ പിന്തുണച്ച് അഖിലേഷ് യാദവ് രം​ഗത്തെത്തി. ദേശീയ സുരക്ഷാ വിഷയങ്ങളിൽ രാഹുൽഗാന്ധിയെ സംസാരിക്കാൻ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചൈന അതിർത്തിയുമായി ബന്ധപ്പെട്ട് കോൺഗ്രസ് ചെയ്ത പാപത്തിന് രാഹുൽ ‍ ഗാന്ധി രാജ്യത്തോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഒരു നിയമവും പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി തന്റെ തലച്ചോറ് ഉപയോഗിക്കണമെന്നും കിരൺ റിജിജു പറഞ്ഞു.


Similar Posts