< Back
India
Parliament Budget Session

പാര്‍ലമെന്‍റ്

India

അദാനി വിഷയത്തിൽ ഇന്നും പ്രതിഷേധം; പാർലമെന്‍റ് നടപടികൾ തടസപ്പെട്ടു

Web Desk
|
17 March 2023 1:36 PM IST

പ്രധാനമന്ത്രിക്ക് എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി

ഡല്‍ഹി: അദാനി വിഷയത്തിൽ പ്രതിപക്ഷവും രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷവും പ്രതിഷേധിച്ചതോടെ പാർലമെന്‍റ് നടപടികൾ ഇന്നും തടസപ്പെട്ടു. പ്രധാനമന്ത്രിക്ക് എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഇന്ത്യയെ വിദേശത്ത് അപമാനിച്ചുവെന്ന ബി.ജെ.പി ആരോപണത്തിന് മറുപടി പറയാൻ രാഹുൽ ഗാന്ധിക്ക് ലോക്സഭയിൽ ഇന്നും അവസരം നൽകിയില്ല.

ഭരണ പ്രതിപക്ഷ ബഹളത്തിൽ പാർലമെന്‍റ് ഇന്നും പ്രക്ഷുബ്ധമായി. അദാനി വിഷയത്തിൽ ചർച്ചയും സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിൽ പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട ബി.ജെ.പി രാഹുൽ മാപ്പ് പറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്‍ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണം എന്ന നിലപാടിലാണ് ഉള്ളത്. പ്രതിഷേധം കനത്തതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ശക്തമായ ബഹളത്തെ തുടർന്ന് ലോക്സഭ ടി വി ഭൂരിഭാഗം സമയവും ശബ്ദമില്ലാതെയാണ് സംപ്രേഷണം ചെയ്തത്.

അദാനി വിഷയത്തിൽ പാർലമെന്‍ററിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലും പ്രതിപക്ഷ എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് പ്രധാനമന്ത്രിക്കെതിരെ കെ.സി വേണുഗോപാൽ എം.പി അവകാശ ലംഘനത്തിന് നോട്ടിസ് നൽകി. രാഹുൽ ഗാന്ധി ഇന്ത്യയെ അവഹേളിച്ചു എന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ വിമർശിച്ചു. ജെ.പി നദ്ദയുടെ പ്രസ്താവനയ്ക്ക് എതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത് വന്നു. ഭിന്നാഭിപ്രായം രേഖപ്പെടുത്തുന്നവർ ദേശവിരുദ്ധരാണോ എന്ന് ഖാർഗെ ചോദിച്ചു.

Similar Posts