< Back
India
മുംബൈയിൽ നിർമാണത്തിലിരുന്ന മെട്രോ തൂണിന്റെ ഭാഗം ഓട്ടോറിക്ഷയ്ക്ക് മുകളിൽ തകർന്നു വീണു
India

മുംബൈയിൽ നിർമാണത്തിലിരുന്ന മെട്രോ തൂണിന്റെ ഭാഗം ഓട്ടോറിക്ഷയ്ക്ക് മുകളിൽ തകർന്നു വീണു

അഹമ്മദലി ശര്‍ഷാദ്
|
14 Feb 2026 2:49 PM IST

ഉച്ചയ്ക്ക് 12:20 ഓടെ എൽബിഎസ് റോഡിലെ ജോൺസൺ ആന്റ് ജോൺസൺ ഫാക്ടറിക്ക് മുന്നിലാണ് അപകടമുണ്ടായത്

മുംബൈ: മുംബൈ മുളുണ്ടിൽ നിർമാണത്തിലിരിക്കുന്ന മെട്രോ തൂണിന്റെ ഭാഗം തകർന്നുവീണ് നാലുപേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12:20 ഓടെ എൽബിഎസ് റോഡിലെ ജോൺസൺ ആന്റ് ജോൺസൺ ഫാക്ടറിക്ക് മുന്നിലാണ് അപകടമുണ്ടായത്. മെട്രോ ലൈൻ 4-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ സിമന്റ് സ്ലാബ് ഇളകി ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. സമീപത്തുണ്ടായിരുന്ന ഒരു കാറിന്റെ ഭാഗവും അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട് തകർന്നിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന നാല് യാത്രക്കാർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.

അപകടത്തെ തുടർന്ന് അ​ഗ്നിരക്ഷാസേന, പൊലീസ്, മെട്രോ അധികൃതർ എന്നിവർ സ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ തന്നെ 108 ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

നിർമാണ ചുമതലയുള്ള മുംബൈ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെന്റ് അതോറിറ്റി (MMRDA) സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. അപകടകാരണം പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്.

Similar Posts