< Back
India
നോക്കി നില്‍ക്കെ കൂറ്റന്‍ മലയിടിഞ്ഞ് താഴേക്ക്; വീഡിയോ
India

നോക്കി നില്‍ക്കെ കൂറ്റന്‍ മലയിടിഞ്ഞ് താഴേക്ക്; വീഡിയോ

Web Desk
|
24 Sept 2022 1:17 PM IST

ആദി കൈലാഷ് മാനസരോവർ യാത്രയ്ക്കായി തീർഥാടകർ ഉപയോഗിക്കുന്ന പ്രധാന റൂട്ട് അടച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് മലയുടെ വലിയൊരു ഭാഗം ഇടിഞ്ഞു വീണു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹുങ്കാര ശബ്ദത്തോടെ മലയിടിഞ്ഞു വീഴുന്നതും മണ്ണും പാറക്കഷ്ണങ്ങളും പൊടിപടലം പടര്‍ത്തി വീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇതിനെ തുടര്‍ന്ന് ആദി കൈലാഷ് മാനസരോവർ യാത്രയ്ക്കായി തീർഥാടകർ ഉപയോഗിക്കുന്ന പ്രധാന റൂട്ട് അടച്ചു.

നജാങ് താംബ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് ദേശീയ പാത അടച്ചതിനെ തുടർന്ന് 40 തീർഥാടകരും നാട്ടുകാരും തവാഘട്ടിന് സമീപം കുടുങ്ങിയതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഹൈന്ദവ വിശ്വാസികളുടെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമാണ് ആദി കൈലാസം.

സെപ്തംബര്‍ 25 വരെ ഉത്തരാഖണ്ഡില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലയോരങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി ഹൈവേകളിലും 100-ലധികം ഗ്രാമീണ റോഡുകളിലും അവശിഷ്ടങ്ങൾ കുന്നുകൂടി. ഋഷികേശ്-ഗംഗോത്രി ദേശീയ പാത ഉത്തരകാശിയിലെ ഹെൽഗുഗഡ്, സ്വാരിഗഡ് എന്നിവയ്ക്ക് സമീപമുള്ള കുന്നുകളിൽ നിന്ന് പാറകളും കല്ലുകളും വീണ് തടസ്സപ്പെട്ടു. ഡെറാഡൂൺ ജില്ലയിലെ വികാസ് നഗർ-കാൽസി-ബർകോട്ട് ദേശീയ പാതയും തടഞ്ഞതായി സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റര്‍ (എസ്‌ഇഒസി) അറിയിച്ചു.

ഡെറാഡൂണില്‍ നഗരത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിനും വൈദ്യുതി വിതരണം തടസപ്പെടുന്നതിനും ഇടയാക്കി.തലസ്ഥാനമായ ചന്ദ്രബാനി ചോയ്‌ല, ഷിംല ബൈപാസ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ കനത്ത വെള്ളക്കെട്ടിനും കാരണമായി.

Similar Posts