< Back
India
എൻസിപി ലയനം: അജിത് പവാറിന്റെ അവസാന ആഗ്രഹം നിറവേറ്റുമെന്ന് പാർട്ടി നേതാവ്, മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നീക്കം?
India

എൻസിപി ലയനം: അജിത് പവാറിന്റെ അവസാന ആഗ്രഹം നിറവേറ്റുമെന്ന് പാർട്ടി നേതാവ്, മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നീക്കം?

റിഷാദ് അലി
|
3 Feb 2026 1:36 PM IST

ഉപമുഖ്യമന്ത്രിയായുള്ള സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മൂത്ത മകന്‍ പാര്‍ഥ് പവാര്‍ വിട്ടുനിന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു

മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ എൻസിപി വിഭാഗങ്ങളുടെ ലയനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമാകുന്നു. കോൺഗ്രസുമായി ലയിക്കുക എന്നത് അജിത് പവാറിന്റെ അവസാന ആഗ്രഹമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സഹായി കിരണ്‍ ഗുജാര്‍ അവകാശപ്പെടുന്നത്.

അതേസമയം ലയനം സംഭവിക്കില്ലെന്നും ബിജെപി സഖ്യത്തോടൊപ്പം തന്നെ ഉറച്ചുനില്‍ക്കുമെന്നുമാണ് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തട്കരെ വ്യക്തമാക്കുന്നത്. എന്നാല്‍ പവാർ കുടുംബം മുഴുവൻ അജിത് പവാറിന്റെ അവസാന ആഗ്രഹം നിറവേറ്റുമെന്നും ഇതുസംബന്ധിച്ച് അനുകൂലമായ തീരുമാനമെടുത്തെന്നുമാണ് വിദ്യാ പ്രതിഷ്ഠാൻ ട്രസ്റ്റി കൂടിയായ ഗുജാർ വ്യക്തമാക്കിയത്.

ഉപമുഖ്യമന്ത്രിയായുള്ള സുനേത്ര പവാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മൂത്ത മകന്‍ പാര്‍ഥ് പവാര്‍ വിട്ടുനിന്നതും അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. പകരം ശരത് പവാറുമായും സുപ്രിയ സുലെയുമായും പാർത്ഥ് പവാർ അടച്ചിട്ട മുറിയിൽ ചർച്ച നടത്തുകയും ചെയ്തു. പാർത്ഥിന്റെ ഈ നീക്കത്തിന് പിന്നാലെയാണ് ഗുജാറിന്റെ പ്രസ്താവന വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അതേസമയം കൂടിക്കാഴ്ചയെക്കുറിച്ച് ഗുജാർ ഒന്നും പറയുന്നില്ല.

"അടുത്ത പത്തോ പതിനൊന്നോ ദിവസത്തേക്ക് പവാർ കുടുംബം ഈ വിഷയത്തെക്കുറിച്ച് സംസാരിക്കില്ല, എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള ലയനം നടന്നേക്കാം. എൻസിപി കോൺഗ്രസിൽ ലയിക്കണമെന്ന് ജനുവരി 21ന് അജിത് പവാർ എന്നോട് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു"- ഗുജാർ അവകാശപ്പെട്ടു.

അതേസമയം സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി വേഗത്തില്‍ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നിലെ സൂത്രധാരന്‍ ബിജെപി നേതൃത്വമാണെന്നാരോപിച്ച് ഉദ്ധവ് വിഭാഗം ശിവസേന രംഗത്ത് എത്തി. എൻസിപിയുടെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള ലയനം ബിജെപി നേതൃത്വവും എൻസിപി നേതാക്കളായ സുനിൽ തട്കരെയും പ്രഫുൽ പട്ടേലും ആഗ്രഹിക്കുന്നില്ലെന്നും മുഖപത്രമായ സാമ്നയിലെഴുതിയ എഡിറ്റോറിയലിലൂടെ ശിവസേന ആരോപിച്ചു.

Similar Posts