< Back
India
Passengers Power Bank Catches Fire On Board IndiGo Flight At Delhi Airport
India

ഡൽഹിയിൽ ഇൻഡി​ഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു

Web Desk
|
20 Oct 2025 10:42 AM IST

യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്.

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ ഇൻഡി​ഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. ഞായറാഴ്ച ഡൽഹിയിൽ നിന്നും നാ​ഗാലാൻഡിലെ ദിമാപൂരിലേക്ക് പോവാനൊരുങ്ങിയ 6ഇ 2107 നമ്പർ വിമാനത്തിലാണ് സംഭവം. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം. തുടർന്ന് ക്യാബിൻ ജീവനക്കാർ ചേർന്ന് തീ കെടുത്തിയതായി അധികൃതർ അറിയിച്ചു.

യാത്രക്കാരന്റെ സീറ്റ് ബാക്ക് പോക്കറ്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് തീപിടിച്ചത്. ജീവനക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ ശ്രദ്ധാപൂർവം പാലിച്ച് സ്ഥിതിഗതികൾ വേഗത്തിൽ കൈകാര്യം ചെയ്തെന്നും തീ നിമിഷങ്ങൾക്കുള്ളിൽ നിയന്ത്രണവിധേയമാക്കിയതായും വിമാന കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് 12.25ന് പറന്നുയരേണ്ട വിമാനം തീപിടിത്തത്തെ തുടർന്ന് രണ്ട് മണിക്കൂറോളം വൈകി. പിന്നീട് 2.33നാണ് ദിമാപൂരിലേക്ക് പറന്നത്. 4.45ന് ദിമാപൂരിലെത്തി.

തീപിടിത്ത വിഷയം ബന്ധപ്പെട്ട അധികാരികളെ ഉടൻ തന്നെ അറിയിച്ചതായും ആവശ്യമായ എല്ലാ പരിശോധനകൾക്കും ശേഷമാണ് വിമാനം പ്രവർത്തനത്തിന് അനുവദിച്ചതെന്നും ഇൻഡിഗോ പറഞ്ഞു. സംഭവത്തിൽ ശാന്തമായിരുന്ന് സഹകരിച്ച യാത്രക്കാർക്ക് നന്ദി പറഞ്ഞ കമ്പനി, അവരുടെ അസൗകര്യങ്ങൾ കുറയ്ക്കാൻ തങ്ങളുടെ ജീവനക്കാർ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയെന്നും കൂട്ടിച്ചേർത്തു.

അതേസമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് ആർക്കും പരിക്കില്ല. യാത്രക്കാരുടെ എണ്ണം സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. ഈ ആഴ്ച ആദ്യം, എയർ ചൈന വിമാനത്തിന്റെ ഓവർഹെഡ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന ലിഥിയം ബാറ്ററിക്ക് തീപിടിച്ചിരുന്നു. ഹാങ്‌ഷൗവിൽ നിന്ന് സിയോളിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം.

Similar Posts