< Back
India
Pastor among three held for alleging illegal religious conversions in UP

Photo| Special Arrangement

India

നിയമവിരുദ്ധ മതപരിവർത്തനമെന്ന് പരാതി; യുപിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Web Desk
|
21 Oct 2025 4:56 PM IST

മതപരിപാടികളുടെയും പ്രാർഥനായോ​ഗങ്ങളുടെയും മറവിൽ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും മതംമാറാൻ നിർ‍ബന്ധിക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം.

ലഖ്നൗ: ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനമെന്ന പരാതിയിൽ പാസ്റ്റർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ബറേലിയിലെ ബരദാരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബറേലി സ്വദേശികളായ പാസ്റ്റർ സുമിത് മാസെ, അമിത് മാസെ എന്ന അക്ഷയ് മാസെ, സരിത എന്നിവരാണ് അറസ്റ്റിലായത്.

സുഭാഷ് ന​ഗർ സ്വദേശിയായ റിഷഭ് താക്കൂർ, നകാടിയ പ്രദേശത്തെ നിർദോഷ് റാത്തോർ എന്നിവരുടെ പരാതിയിൽ ഞായറാഴ്ചയാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് ബരദാരി സ്റ്റേഷൻ ഹൗസ് ഓഫീസർ ധനഞ്ജയ് പാണ്ഡെ പറഞ്ഞു. പാവപ്പെട്ട ഹിന്ദു കുടുംബങ്ങൾക്ക് സഹായം വാ​ഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ‍ ശ്രമിച്ചെന്നാണ് പാസ്റ്റർ ഉൾ‍പ്പെടെയുള്ളവർ‍ക്കെതിരായ പരാതി.

ക്രിസ്ത്യൻ മിഷനറി അം​ഗങ്ങൾ സൂപ്പർ സിറ്റി പ്രദേശത്ത് ഒരു വീട് വാടകയ്ക്കെടുത്ത് മതപരിപാടികളുടെയും പ്രാർഥനായോ​ഗങ്ങളുടെയും മറവിൽ ഹിന്ദു സ്ത്രീകളെയും കുട്ടികളെയും മതംമാറാൻ നിർ‍ബന്ധിക്കുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു.

പരാതിയിൽ 2021ലെ നിയമവിരുദ്ധ മതപരിവർ‍ത്തന നിരോധനനിയമത്തിലെ 299, 3, 5(1) എന്നീ വകുപ്പുകൾ ചുമത്തിയാണ് ബരദാരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇനി സത്യപാൽ എന്നയാളെ പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറയുന്നു. മതപരിവർത്തന പ്രവർത്തനങ്ങൾ എത്ര കാലമായി നടക്കുന്നുണ്ടെന്നും എത്ര പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദലിതർ, ദരിദ്രർ, സാമൂഹികമായി ദുർബല സമുദായങ്ങളിൽ നിന്നുള്ളവർ എന്നിവരെയാണ് ഇവർ ലക്ഷ്യം വച്ചതെന്നാണ് പൊലീസ് ഭാഷ്യം. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും വിശ്വാസ രോഗശാന്തിയും വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് പറയുന്നു. ഇത്തരത്തിൽ നിരവധി സ്ത്രീകളെയും കുട്ടികളേയും ഇവർ മതപരിവർത്തനം ചെയ്തെന്നും ആരോപിക്കപ്പെടുന്നു.

ക്രിസ്തീയ വിശ്വാസം പരിചയപ്പെടുത്തുന്നതിന് മുമ്പ് ആളുകളെ മാനസികമായും വൈകാരികമായും സ്വാധീനിക്കാൻ സംഘം ശ്രമിച്ചതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി എസ്എച്ച്ഒ പാണ്ഡെ അറിയിച്ചു.

Similar Posts