< Back
India

India
'കോടതിയലക്ഷ്യം മനഃപൂര്‍വം'; ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും നിരസിച്ച് സുപ്രിംകോടതി
|10 April 2024 5:19 PM IST
പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപൂര്‍വം വീഴ്ച വരുത്തിയെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഡൽഹി: പതഞ്ജലിയുടെ കോടതിലക്ഷ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ വീണ്ടും നിരസിച്ച് സുപ്രിംകോടതി. പതഞ്ജലി മനഃപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഒരേ പോലെ പല മാപ്പപേക്ഷ നല്‍കിയാല്‍ കോടതിയെ ബോധ്യപ്പെടുത്താമെന്ന് കരുതുന്നുണ്ടോ എന്നും കോടതി ചോദിച്ചു.
അതേസമയം, പതഞ്ജലിയുടെ കാര്യത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മനഃപൂര്‍വമായ വീഴ്ച വരുത്തിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. കടുത്ത നടപടികളിലേക്ക് പോകരുതെന്ന് അഭ്യര്‍ഥിച്ച ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പതഞ്ജലിക്കെതിരെ നടപടിയെടുക്കാമെന്ന് സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. കേസ് വീണ്ടും ഈ മാസം 16ന് പരിഗണിക്കും.