< Back
India
ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തെ പാലിൽനിന്ന് ഈച്ചയെ എന്നപോലെ എടുത്ത് ദൂരെക്കളയും: പവൻ ഖേഡ

Pawan Khera | Photo | NDTV

India

ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ്-ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽനിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയും: പവൻ ഖേഡ

Web Desk
|
2 Oct 2025 10:59 PM IST

ആർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെന്നുണ്ടെങ്കിൽ സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷനായി ലഭിച്ചിരുന്ന തുകയുടെ ഓർമക്കായി 60 രൂപയുടെ നാണയം ആകണമായിരുന്നുവെന്നും പവൻ ഖേഡ പറഞ്ഞു

ന്യൂഡൽഹി: ബിജെപി അധികാരത്തിൽനിന്ന് പുറത്തുപോകുന്ന നിമിഷം ആർഎസ്എസ്- ബിജെപി പ്രത്യയശാസ്ത്രത്തെ 'പാലിൽനിന്ന് ഈച്ചയെ എന്നപോലെ' എടുത്ത് ദൂരെക്കളയുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ആലേഖനം ചെയ്ത 100 രൂപയുടെ നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ പശ്ചാത്തലത്തിലായിരുന്നു പവൻ ഖേഡയുടെ പ്രതികരണം.

സവർക്കർ ബ്രിട്ടീഷുകാരിൽനിന്ന് പെൻഷനായി കൈപ്പറ്റിയിരുന്ന തുകയായ 60 രൂപയുടെ നാണയമാണ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് പവൻ ഖേഡ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു. ചരിത്രം വളച്ചൊടിക്കാൻ ബിജെപി എത്ര ശ്രമിച്ചാലും രാജ്യം എപ്പോഴും മഹാത്മാഗാന്ധിയുടേതായിത്തന്നെ നിലനിൽക്കുമെന്ന യാഥാർഥ്യം മാറ്റാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിനായി ഒരു നാണയം പുറത്തിറക്കണമെന്നുണ്ടെങ്കിൽ അത് 60 രൂപയുടെ നാണയം ആകണമായിരുന്നു. സവർക്കർക്ക് ബ്രിട്ടീഷ് സർക്കാരിൽനിന്ന് പെൻഷനായി ലഭിച്ചിരുന്ന തുകയാണത്. ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കണമെന്നുണ്ടെങ്കിൽ, ബ്രിട്ടീഷ് പോസ്റ്റിനുവേണ്ടി ഒരു സ്റ്റാമ്പ് പുറത്തിറക്കണമായിരുന്നു, അതിലൂടെയാണ് അവർ ബ്രിട്ടീഷുകാർക്ക് ദയാഹർജികൾ അയച്ചിരുന്നത്. നിങ്ങൾ എത്ര സ്റ്റാമ്പുകൾ അച്ചടിച്ചാലും എത്ര നാണയങ്ങൾ പുറത്തിറക്കിയാലും എത്രമാത്രം ആർഎസ്എസിനെ പാഠ്യപദ്ധതിയിൽ തിരുകിക്കയറ്റിയാലും ഈ രാജ്യം ഗാന്ധിയുടേതായിരുന്നു. ഗാന്ധിയുടേതാണ്. ഗാന്ധിയുടേതായി തന്നെ നിലനിൽക്കുകയും ചെയ്യുമെന്നും മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ പവൻ ഖേഡ പറഞ്ഞു.

Similar Posts