< Back
India
പേടിഎം പേയ്‌മെന്റ് ബാങ്ക്: ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി നീട്ടി
India

പേടിഎം പേയ്‌മെന്റ് ബാങ്ക്: ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി നീട്ടി

Web Desk
|
16 Feb 2024 10:28 PM IST

ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഇടപാടുകൾ നിർത്താൻ അനുവദിച്ച സമയപരിധി റിസർവ് ബാങ്ക് നീട്ടി. ഫെബ്രുവരി 29 വരെ അനുവദിച്ച സമയം മാർച്ച് 15 വരെയാണ് റിസർവ് ബാങ്ക് നീട്ടിയത്.

വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബദൽ സംവിധാനം ഒരുക്കാൻ കൂടുതൽ സമയം വേണമെന്നായിരുന്നു ആവശ്യം. ഇതു പരിഗണിച്ചാണ് തീരുമാനമെന്ന് ആർബിഐ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് നിക്ഷേപങ്ങൾ പിൻവലിക്കാനുള്ള സൗകര്യം പേടിഎം ബാങ്ക് ഒരുക്കണമെന്നു റിസർവ് ബാങ്ക് നിര്‍‌ദ്ദേശം നൽകിയിട്ടുണ്ട്. ഫെബ്രുവരി 29 ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും നിർത്താനായിരുന്നു ആർ.ബി.ഐ നിർദേശം.

പുതിയ ഉപഭോക്താക്കളെ ചേർക്കരുത്, പേടിഎം ബാങ്കിന്‍റെ അക്കൗണ്ടിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ വാലറ്റുകൾ ടോപ്അപ് ചെയ്യുകയോ പാടില്ല തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. ഇതിന് പിന്നാലെ പേടിഎം ബാങ്കിംഗ് ആപ്പിന് എതിരെ വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിൽ ഇ.ഡി അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചു.

പേയ്മെന്‍റ് ബാങ്കിന്‍റെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളിൽ പേടിഎം പേയ്‌മെൻ്റ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

Related Tags :
Similar Posts