< Back
India
Permission granted for RSS route march in Mallikarjun Kharges hometown in Karnataka
India

കർ‌ണാടകയിൽ മല്ലികാർജുൻ ഖാർഗെയുടെ നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി

Web Desk
|
30 Oct 2025 6:55 PM IST

'ആർഎസ്എസ് പ്രവർത്തകർ ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം'- നിബന്ധനയിൽ പറയുന്നു.

ബംഗളൂരു: കർണാടകയിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി. ഗുർമിത്കൽ പട്ടണത്തിലാണ് വെള്ളിയാഴ്ച ആർ‌എസ്‌എസ് റൂട്ട് മാർച്ചിന് യാദ്ഗിർ ജില്ലാ ഭരണകൂടം നിബന്ധനകളോടെ അനുമതി നൽകിയത്. ആർ‌എസ്‌എസ് ജില്ലാ പ്രചാര്‍ പ്രമുഖ് ബസപ്പ സഞ്ജനോൾ ഈ മാസം 23ന് സമർപ്പിച്ച അപേക്ഷ പരി​ഗണിച്ചാണ് ഉത്തരവ്. ഖാർഗെ എട്ട് തവണ എംഎൽഎ ആയ മണ്ഡലമാണ് ഗുർമിത്കൽ.

സാമ്രാട്ട് സർക്കിൾ, എപിഎംസി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നിവയിലൂടെ റൂട്ട് മാർച്ച് കടന്നുപോകാൻ പൊലീസ് അനുവദിച്ചു. രാം നഗറിൽ അവസാനിക്കുന്ന മാർച്ചിന് ജില്ലാ ഭരണകൂടം അനുമതിക്ക് പത്ത് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതു, സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചാൽ അതിന്റെ മുഴുവൻ ചെലവും സംഘാടകർ വഹിക്കണമെന്നും നിബന്ധനയുണ്ട്.

ആർഎസ്എസ് പ്രവർത്തകർ നിർദിഷ്ട വഴി കർശനമായി പാലിക്കണം. ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രാവാക്യങ്ങൾ ഉയർത്തുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. സമാധാനത്തിനും സാമുദായിക ഐക്യത്തിനും ഭംഗം വരുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാവരുത്. ഘോഷയാത്രയിൽ റോഡുകൾ തടയരുതെന്നും കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും ഉത്തരവിൽ പറയുന്നു. സമാധാനവും ക്രമസമാധാനവും നിലനിർത്തുന്നതിന് വഴിയിൽ മതിയായ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും ഭരണകൂടം വ്യക്തമാക്കി.

ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു. സർക്കാർ, സർക്കാർ- എയ്ഡഡ് സ്കൂളുകളിലും പൊതു സ്ഥലങ്ങളിലും ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെയുടെ മകനും കർണാടക മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. "ആർഎസ്എസ് സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും ശാഖകൾ നടത്തിവരുന്നു. അവിടെ മുദ്രാവാക്യങ്ങൾ വിളിക്കുകയും കുട്ടികളുടെയും യുവാക്കളുടേയും മനസിൽ നെഗറ്റീവ് ആശയങ്ങൾ കുത്തിവയ്ക്കുകയും ചെയ്യുന്നു"- അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

ആർ‌എസ്‌എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇത്തരം നടപടികൾ ഇന്ത്യയുടെ ഐക്യത്തിനും ഭരണഘടനയുടെ ആത്മാവിനും എതിരാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെ, സർക്കാർ സ്വത്തുക്കളിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഏതൊരു സംഘടനയും അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക മന്ത്രിസഭ തീരുമാനിച്ചു. ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തതിന് ഏതാനും സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. അതേസമയം, റൂട്ട് മാർച്ചിൽ ആർ‌എസ്‌എസ് പ്രവർത്തകർക്ക് വടി പ്രയോഗിക്കാൻ അനുവാദമുണ്ടോ എന്ന് വ്യക്തമല്ല.

Similar Posts