< Back
India
Permission to serve liquor in Lakshadweep
India

ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി; ലൈസന്‍സ് നല്‍കി കലക്ടര്‍, വ്യാപക പ്രതിഷേധം

ശരത് ലാൽ തയ്യിൽ
|
21 Feb 2026 4:09 PM IST

ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കിയാണ് ഉത്തരവ്

കവരത്തി: കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍ മദ്യം വിളമ്പാന്‍ അനുമതി നല്‍കി ദ്വീപ് ഭരണകൂടം. ആള്‍ത്താമസമുള്ള 10 ദ്വീപുകളിലെയും ഡാക് ബംഗ്ലാവുകള്‍ക്കാണ് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

ലക്ഷദ്വീപ് കലക്ടര്‍ ഡോ. ആര്‍. ഗിരി ശങ്കറാണ് ഡാക് ബംഗ്ലാവുകള്‍ക്ക് മദ്യം സൂക്ഷിക്കാനും വിതരണം ചെയ്യാനും അനുമതി നല്‍കി ഉത്തരവിട്ടത്. സാധുവായ പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാവൂ എന്നും, വിതരണം ചെയ്യുന്ന മദ്യത്തിന്റെ കൃത്യമായ സ്‌റ്റോക്ക് വിവരങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.

സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ള പ്രദേശമാണ് ലക്ഷദ്വീപ്. എന്നാല്‍, വിനോദ സഞ്ചാരത്തിന്റെ പേരില്‍ ലക്ഷദ്വീപില്‍ മദ്യവിതരണം ആരംഭിക്കാന്‍ ഏറെക്കാലമായി നീക്കം നടക്കുന്നുണ്ടായിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവുമുയര്‍ന്നിരുന്നു. ലക്ഷദ്വീപില്‍ മദ്യം സുലഭമായി ഒഴുക്കുകയാണ് ഉത്തരവിലൂടെ ലക്ഷ്യമെന്ന് മുന്‍ എംപി പി.പി മുഹമ്മദ് ഫൈസല്‍ കുറ്റപ്പെടുത്തി.

ബുധനാഴ്ചകളില്‍ 'വാഹന നിരോധന ദിനം' ആയി ലക്ഷദ്വീപ് ഭരണകൂടം പ്രഖ്യാപിച്ചതും വിവാദമായിരിക്കുകയാണ്. തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഇത് 23ന് പരിഗണിക്കും. എല്ലാ ബുധനാഴ്ചയും എല്ലാ ദ്വീപുകളിലും മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഫെബ്രുവരി 25 മുതലാണ് പ്രാബല്യത്തില്‍ വരുക. ലംഘനങ്ങള്‍ക്ക് 500 രൂപ പിഴ ഈടാക്കും.

Similar Posts