
ഓർഡർ ചെയ്തത് 53,000 രൂപയുടെ ഐ ഫോൺ; ലഭിച്ചത് 20 രൂപയുടെ നിർമ സോപ്പ്
|ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വന്ന പാർസൽ തുറക്കുന്ന വീഡിയോയും തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.
സ്മാർട്ട്ഫോണും ലാപ്ടോപ്പുമൊക്കെ ഓൺലൈനിലൂടെ ഓർഡർ ചെയ്ത് സോപ്പും സാബൂനുമൊക്കെ ലഭിക്കുന്ന സംഭവങ്ങൾ നിരവധിയുണ്ട്. ആ 'ശ്രേണിയി'ലേക്കിതാ പുതിയൊരു സംഭവം കൂടി.
ഫ്ളിപ്പ്കാർട്ടിലൂടെ ഐഫോൺ 12 ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് 20 രൂപ വിലയുള്ള രണ്ട് നിർമ സോപ്പ് ! ഫ്ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലിലാണ് സിമ്രൻപാൽ സിങ് എന്നയാൾ ഐഫോൺ 12ന് ഓർഡർ ചെയ്തത്. 53,000 രൂപയാണ് സിമ്രൻപാൽ സിങ് ഓർഡർ ചെയ്ത ഫോണിന്റെ വില.
ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് വന്ന പാർസൽ തുറക്കുന്ന വീഡിയോയും സിമ്രൻപാൽ സിങ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ഡെലിവറി പാർട്ടണറുമായി ഒടിപി പങ്കുവെക്കാൻ സിമ്രാൻ തയാറായില്ല.
ഓർഡർ ക്യാൻസലാവുകയും സിമ്രാൻ ഫ്‌ളിപ്പ്കാർട്ട് കസ്റ്റമർ കെയറിൽ പരാതി നൽകുകയും ചെയ്തു. തെറ്റ് മനസിലാക്കിയ കമ്പനി സിമ്രാന് മുഴുവൻ തുകയും തിരികെ നൽകി.
ഇത്തരത്തിലുള്ള സംഭവങ്ങൾ വിരളമാണെങ്കിലും ഓൺലൈൻ പാർസലുകൾ കൈപ്പറ്റുന്ന വേളയിൽ ഉപഭോക്താക്കൾ കുറച്ചുകൂടി ശ്രദ്ധ പുലർത്തേണ്ടതുണ്ട്.