< Back
India
മോദിയുടെ സ്വപ്ന പദ്ധതികളെല്ലാം വെള്ളത്തിലാക്കി ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നു
India

മോദിയുടെ സ്വപ്ന പദ്ധതികളെല്ലാം 'വെള്ളത്തിലാക്കി' ഗംഗയിലെ ജലനിരപ്പ് ഉയര്‍ന്നു

Web Desk
|
12 Aug 2021 11:11 AM IST

പ്രധാനമന്ത്രിയുടെ മണ്ഡലം കൂടിയാണ് വരാണസി

ഗംഗയിലെ ജലനിരപ്പ് അപകടരേഖക്ക് മുകളില്‍ ഉയര്‍ന്നതോടെ വരാണസിയില്‍ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പല സ്വപ്ന പദ്ധതികളും വെള്ളത്തിനടിയിലായി. പ്രധാനമന്ത്രിയുടെ മണ്ഡലം കൂടിയാണ് വരാണസി.

ഖിടിയ ഘാട്ട് ഉള്‍പ്പടെ സ്വപ്ന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത 80 ഘാട്ടുകളും ഇപ്പോള്‍ വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്. ഘാട്ടുകളിലെ ശ്മശാനങ്ങള്‍ പോലും വെള്ളത്തിനടിയിലായതിനാല്‍ സമീപത്തെ പാതകളില്‍ ആളുകള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ നടത്തേണ്ടിവന്നു. ഖിടിയ ഘാട്ടില്‍ രണ്ട് ഹെലിപാഡുകളും ഒരു കംപ്രസ് ചെയ്ത പ്രകൃതിവാതക ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനും രണ്ട് പ്ലാറ്റ്ഫോമുകളും വെള്ളത്തിൽ മുങ്ങി. നിർമാണത്തിലിരുന്ന ഏഴ് കിലോമീറ്റർ നീളമുള്ള കനാലും ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്.

ബുധനാഴ്ച വൈകുരന്നേരം ആറ് മണിയോടെ വരാണസിയിലെ ഗംഗയിലെ ജലനിരപ്പ് 72.12 മീറ്ററായി ഉയര്‍ന്നിരുന്നു. 71.26 മീറ്ററാണ് അപകട സാധ്യത. യമുന നദിയിലും പോഷക നദികളില്‍ നിന്നും ഗംഗയിലേക്കുള്ള ഒഴുക്ക് കൂടി കണക്കിലെടുത്താല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചു.

ബല്ലിയ, മിർസാപൂർ, ഗാസിപൂർ, ഭഡോഹി, ചന്ദൗലി എന്നീ അയൽ ജില്ലകളെയും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലെ 24 ജില്ലകളിലുടനീളമുള്ള 600 ഗ്രാമങ്ങൾ പ്രളയദുരിതത്തിലായതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Similar Posts