
Representational Image
ഡൽഹിയിൽ ആറ് വയസുകാരന്‍റെ ചെവി കടിച്ചെടുത്ത് പിറ്റ്ബുൾ നായ; ഉടമ അറസ്റ്റിൽ
|സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു
ഡൽഹി: രാജ്യ തലസ്ഥാനത്ത് തെരുവ് നായ ശല്യത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കിടെ നഗരത്തിലെ പ്രേം നഗർ പ്രദേശത്തുണ്ടായ സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. പിറ്റ്ബുൾ നായയുടെ ആക്രമണത്തിൽ ആറ് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. നായ കുട്ടിയുടെ വലതുചെവി കടിച്ചെടുത്തു. സംഭവത്തിൽ നായയുടെ ഉടമയായ രാജേഷ് പാലിനെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
ഞായറാഴ്ച വൈകിട്ട് പ്രേം നഗറിലെ വീടിന് പുറത്ത് കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അയവാസിയുടെ പിറ്റ്ബുൾ ആക്രമിക്കുകയായിരുന്നു. ആക്രമണം മാരകമാകുന്നതിന് മുമ്പ് മാതാപിതാക്കളും അയൽക്കാരും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. അയൽക്കാരുടെ സഹായത്തോടെ മാതാപിതാക്കൾ കുട്ടിയെ രക്ഷപ്പെടുത്തി രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നായയെ രാജേഷ് പാലിന്റെ മകൻ സച്ചിൻ പാൽ ഒന്നര വർഷം മുമ്പ് വീട്ടിലേക്ക് കൊണ്ടുവന്നതാണെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ വധശ്രമക്കേസിൽ ജയിലിൽ കഴിയുകയാണ് സച്ചിൻ.
കുട്ടിയുടെ പിതാവ് ദിനേശ്(32) കീർത്തി നഗറിലെ ഒരു സ്വകാര്യ ഫാക്ടറിയിൽ ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയുടെ അടിസ്ഥാനത്തിൽ നായ ഉടമ രാജേഷ് പാലിനെതിരെ പ്രേം നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.