
'എല്ലാവരെയും ഉൾക്കൊള്ളുന്ന ജനാധിപത്യ ബംഗ്ലാദേശിനെ ഇന്ത്യ പിന്തുണയ്ക്കും'; താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി
|ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി വൻ വിജയമാണ് നേടിയത്
ന്യൂഡൽഹി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവ് താരിഖ് റഹ്മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് മോദി പറഞ്ഞു.
''ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്മാന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങൾക്ക് നിങ്ങളുടെ നേതൃത്വത്തിലുള്ള വിശ്വാസത്തെയാണ് കാണിക്കുന്നത്. ജനാധിപത്യപരവും പുരോഗമനപരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ബംഗ്ലാദേശിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കും. നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനും പൊതുവികസന ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു''- മോദി എക്‌സിൽ കുറിച്ചു.
ബംഗ്ലാദേശിൽ വ്യാഴാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ബിഎൻപി വൻ വിജയമാണ് നേടിയത്. ആകെയുള്ള 299 സീറ്റിൽ 211 സീറ്റിലും ബിഎൻപി സ്ഥാനാർഥികളാണ് വിജയിച്ചത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 70 സീറ്റ് നേടി. രാഷ്ട്രീയ പരിഷ്‌കാരങ്ങൾ, പ്രധാനമന്ത്രിമാർക്ക് കാലാവധി നിശ്ചയിക്കൽ, ഉദ്യോഗസ്ഥരുടെ അധികാരം നിയന്ത്രിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഹിതപരിശോധനയും ഇതോടൊപ്പം നടന്നിരുന്നു.
ബംഗ്ലാദേശിന്റെ പ്രഥമ വനിതാ പ്രധാനമന്ത്രിയായിരുന്ന ബീഗം ഖാലിദാസിയയുടെ മകനാണ് താരിഖ് റഹ്മാൻ. 17 വർഷത്തോളം യുകെയിൽ പ്രവാസ ജീവിതം നയിച്ച താരിഖ് റഹ്മാൻ കഴിഞ്ഞ ക്രിസ്മസിനാണ് ബംഗ്ലാദേശിൽ തിരിച്ചെത്തിയത്.