< Back
India
ഡൽഹി സ്ഫോടനം: കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി; ആശങ്കാജനകമെന്ന് രാഹുൽ ഗാന്ധി
India

ഡൽഹി സ്ഫോടനം: കൊല്ലപ്പെട്ടവർക്ക് അനുശോചനമറിയിച്ച് പ്രധാനമന്ത്രി; ആശങ്കാജനകമെന്ന് രാഹുൽ ഗാന്ധി

Web Desk
|
10 Nov 2025 10:17 PM IST

ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞു

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഫോടനത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായുമായും മറ്റ് ഉദ്യോഗസ്ഥരുമായും സ്ഥിതിഗതികൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സ്ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് രാഹുൽ ഗാന്ധി. 'ഈ ദാരുണമായ അപകടത്തിൽ നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പം നിലകൊള്ളുന്നു. എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കുമെന്ന് ആശംസിക്കുന്നു.' രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവെച്ചു.

'നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത വളരെ ദുഃഖകരമാണ്. മരിച്ചവരുടെ ആത്മാക്കൾക്ക് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.' പ്രിയങ്ക ഗാന്ധി എക്‌സിൽ പങ്കുവെച്ചു.

ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പത്ത് പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആൾത്തിരക്കുള്ള ചാന്ദ്‌നി ചൗക്കിന് നേരെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയുടെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കെട്ടിടം മുഴുവൻ കുലുങ്ങിയാതായി സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 800 മീറ്റർ അകലെയുള്ള ചാന്ദ്‌നി ചൗക്ക് ട്രേഡേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സഞ്ജയ് ഭാർഗവ് പറഞ്ഞു.


Similar Posts