< Back
India
Mallikarjun Kharge-Modi
India

'രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചു?'; പഹൽഗാമിൽ പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി കോൺഗ്രസ്

Web Desk
|
6 May 2025 2:22 PM IST

ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നു

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ സമ്മതിച്ചുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആക്രമണത്തിന് മൂന്ന് ദിവസം മുൻപേ മുന്നറിയിപ്പ് ഉണ്ടായിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് എന്തുകൊണ്ട് അവഗണിച്ചുവെന്നും ജമ്മുകശ്മീർ പെലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഖാർഗെ ചോദിച്ചു.ജാർഖണ്ഡിലെ ഭരണഘടന സംരക്ഷണ റാലിയിലാണ് ഖാർഗയുടെ പരാമർശം.

അതേസമയം പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ നൽകിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന യോഗത്തിനുശേഷം ഇതു സംബന്ധിച്ച് കേന്ദ്രത്തോട് നിർദേശവും നൽകിയിട്ടുണ്ട്. അക്രമണത്തിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായി വാർത്തകൾ നൽകിയ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസേഴ്സിനെതിരെ ഉടൻ നടപടി ഉണ്ടാകണമെന്നാണ് നിർദ്ദേശം. ഇന്ത്യ-പാകിസ്താൻ സംഘർഷ സാഹചര്യത്തിൽ നാളെ രാജ്യവ്യാപകമായി മോക്ക് ട്രിൽ നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകിയിരിക്കുന്നത്.

അടിയന്തര സാഹചര്യം നേരിടാൻ വിദ്യാർഥികൾക്കും ജനങ്ങൾക്കും പരിശീലനം നൽകാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്നതിനായി സൈറണുകൾ സ്ഥാപിക്കാനും നിർദേശമുണ്ട്. അതിനിടെ പാകിസ്താനെതിരെ കൂടുതൽ നയതന്ത്ര നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. ചിനാബ് നദിയിൽ നിന്നുള്ള നീരൊഴുക്ക് ഇന്ത്യ വീണ്ടും കുറച്ചു. ബഗ്ലിഹാറിന് പിന്നാലെ സലാൽ ഡാമിലെ നീരൊഴുക്കും കുറച്ചു. ക്രമേണ ജലവിതരണം പൂർണമായി അവസാനിപ്പിക്കാൻ അണക്കെട്ടുകൾ നിർമിക്കാനുള്ള ആലോചനയിലാണ് ഇന്ത്യ. ഭീകരവാദത്തിനെതിരെ റഷ്യ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത് പാകിസ്താന്‍റെ നെഞ്ചിടിപ്പ് വർധിപ്പിക്കുകയാണ്.

Similar Posts