< Back
India
PM is compromised sold the nation Says Rahul Gandhi on US trade deal
India

'സമ്മർദങ്ങൾക്ക് വഴങ്ങി പ്രധാനമന്ത്രി രാജ്യത്തെ വിറ്റു'; ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ രാഹുൽ ​ഗാന്ധി

ഷിയാസ് ബിന്‍ ഫരീദ്
|
3 Feb 2026 6:21 PM IST

'നരേന്ദ്രമോദിക്ക് ഭയമാണ്. കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് തകർക്കുന്നു.

ന്യൂഡൽഹി: ഇന്ത്യ- യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ്- ഇന്ത്യ വ്യാപാര കരാറിൽ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മർദങ്ങൾക്ക് വഴങ്ങിയാണ് മോദി കരാറിൽ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകർന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുൽ ഗാന്ധി പാർലമെന്റിന് പുറത്ത് പറഞ്ഞു.

'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതാണ് പ്രധാന കാര്യം. പൊതുജനങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കണം. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയുന്നതിൽ നിന്ന് തന്നെ തടഞ്ഞു. ഈ വ്യാപാര കരാറിലൂടെ നരേന്ദ്രമോദി നിങ്ങളുടെ കഠിനാധ്വാനം വിറ്റു. കർഷകരുടെ താത്പര്യങ്ങൾ വിറ്റു. രാജ്യത്തെ തന്നെ വിറ്റു'- അദ്ദേഹം വ്യക്തമാക്കി.

'നരേന്ദ്രമോദി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ഭയമാണ്. കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് തകർക്കുന്നു. അദാനിക്കെതിരെ യുഎസിൽ കേസുണ്ട്. അത് യഥാർഥത്തിൽ മോദിക്കെതിരായ കേസാണ്. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത കൂടുതൽ വിവരങ്ങൾ എപ്സ്റ്റീൻ ഫയലുകളിലുണ്ട്. അതുമൂലവും മോദിക്ക് സമ്മർദവുമുണ്ട്. സമ്മർ‌ദത്തിന് പിന്നിലെ ഈ രണ്ട് പോയിന്റുകൾ രാജ്യം മനസിലാക്കണം'- രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു.

ഇന്ത്യ- യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിലാണ് പ്രതിപക്ഷം കടുത്ത പ്രതിഷേധം അറിയിച്ചത്. ട്രംപിന്റെ പ്രഖ്യാപനം നയതന്ത്ര വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എൻഡിഎ യോഗത്തിൽ പറഞ്ഞു. എന്നാൽ മോദി ട്രംപിന് കീഴടങ്ങിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ സംബന്ധിച്ച് ധാരണയായെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. പകരം തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി താൻ ഫോണിൽ സംസാരിച്ചതായും അതിന് ശേഷം വ്യാപാര കരാറിനുള്ള ധാരണ ഉണ്ടാക്കിയെന്നും ട്രംപ് പറഞ്ഞിരുന്നു.

ഇന്ത്യ- യുഎസ് വ്യാപാര കരാർ മികച്ചതെന്നാണ് കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചത്. മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് കരാർ ‌‌യാഥാർഥ്യമായത്. ദേശീയ താത്പര്യവും പൊതുജന താത്പര്യവും നിലനിർത്തി. ട്രംപുമായുള്ള മോദിയുടെ സൗഹൃദം കരാറിനു സഹായകമായെന്നും പിയൂഷ് ഗോയൽ അവകാശപ്പെട്ടു.

Similar Posts