< Back
India
Shubhanshu Shukla
India

'എല്ലാ ഇന്ത്യക്കാരുടെയും യാത്ര'; ബഹിരാകാശ നിലയത്തിലിരുന്ന് പ്രധാനമന്ത്രിയുമായി സംസാരിച്ച് ശുഭാംശു

Web Desk
|
28 Jun 2025 7:51 PM IST

ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ശുഭാംശു പ്രതികരിച്ചു

ഡൽഹി: ആക്സിയം-4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിച്ചു. ശുഭാംശുവിന്‍റെ യാത്ര ഇന്ത്യക്കാർക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് ശുഭാംശു പ്രതികരിച്ചു.

ബഹിരാകാശ നിലയത്തില്‍ എത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. 14 ദിവസം നിലയത്തില്‍ തങ്ങുന്ന ശുഭാംശുവും സംഘവും 61 പരീക്ഷണങ്ങള്‍ നടത്തും.

എക്‌സ്‌പെഡിഷന്‍ 73 ദൗത്യത്തിലുള്ള ഏഴംഗസംഘം ശുഭാംശുവിനെയും സംഘത്തെയും സ്വീകരിച്ചു. ഇന്ത്യന്‍ സമയം 4:01നാണ് സ്‌പെയ്‌സ് എക്‌സ് ക്രൂ മൊഡ്യൂള്‍, ബഹിരാകാശ നിലയുമായി ഘടിപ്പിച്ചത്. നിശ്ചയിച്ചതിലും അരമണിക്കൂര്‍ നേരത്തെയാണ് ഡോക്കിംഗ് പൂര്‍ത്തിയാക്കിയത്.

ശുഭാംശു ശുക്ലയ്ക്ക് പുറമേ, പെഗ്ഗി വിറ്റ്‌സണ്‍, സ്ലാവസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവിസ്‌കി, ടിബോര്‍ കപ്പു എന്നിവരാണ് ദൗത്യത്തിലെ യാത്രികര്‍. മൈക്രോ ഗ്രാവിറ്റി യില്‍ പേശികളുടെ പുനരുജ്ജീവനത്തെ കുറിച്ചുള്ള പഠനമാണ് പ്രധാനമായും ശുഭാംശു ശുക്ല നടത്തുക. കൂടാതെ ഇന്ത്യയില്‍ നിന്ന് ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത 7 ഗവേഷണങ്ങളും അദ്ദേഹം നടത്തും.

Similar Posts