< Back
India
പഹൽഗാം ഭീകരാക്രമണം: സൗദിയിൽ നിന്ന്   മോദി മടങ്ങിയത് പാകിസ്താൻ വ്യോമപാത  ഒഴിവാക്കി, പോയത് ആ റൂട്ടിലൂടെ
India

പഹൽഗാം ഭീകരാക്രമണം: സൗദിയിൽ നിന്ന് മോദി മടങ്ങിയത് പാകിസ്താൻ വ്യോമപാത ഒഴിവാക്കി, പോയത് ആ റൂട്ടിലൂടെ

Web Desk
|
23 April 2025 12:59 PM IST

മോദിയുടെ ഐഎഎഫ് ബോയിംഗ് 777-300 (കെ7067) സൗദിയിലേക്ക് പുറപ്പെട്ടത് പാകിസ്താന്റെ വ്യോമപാതകൂടി ഉള്‍പ്പെട്ട പ്രദേശത്തിന് മുകളിലൂടെയായിരുന്നു.

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ സൗദി അറേബ്യ സന്ദര്‍ശനം വെട്ടിച്ചുരുക്കി ജിദ്ദയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയത് പാകിസ്താന്‍ വ്യോമപാത ഉപേക്ഷിച്ച്.

മോദി സൗദിയിലേക്ക് പുറപ്പെട്ടപ്പോഴും തിരിച്ചുവന്നപ്പോഴുമുള്ള വിമാനം വ്യത്യസ്ത പാതകള്‍ സ്വീകരിച്ചതായി കാണിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മോദിയുടെ ഐഎഎഫ് ബോയിംഗ് 777-300 (കെ7067) സൗദിയിലേക്ക് പുറപ്പെട്ടത് പാകിസ്താന്റെ വ്യോമപാതകൂടി ഉള്‍പ്പെട്ട പ്രദേശത്തിന് മുകളിലൂടെയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു മോദി സൗദിയിലേക്ക് പുറപ്പെട്ടത്.

എന്നാല്‍ ഭീകരാക്രമണത്തിന് പിന്നാലെ ബുധനാഴ്ച പ്രധാനമന്ത്രി നാട്ടിലെത്തിയത് മറ്റൊരു റൂട്ടിലൂടെ. ഇതും രണ്ടും വ്യക്തമാക്കുന്ന വിമാനത്തിന്റെ റൂട്ട് മാപ്പാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എന്തുകൊണ്ടാണ് രണ്ട് വ്യത്യസത പാതകള്‍ സ്വീകരിച്ചത് എന്നതിനെ സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

അതേസമയം ഡല്‍ഹിയില്‍ എത്തിയതിന് പിന്നാലെ വിമാനത്താവളത്തിൽ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി എന്നിവരുമായി മോദി അടിയന്തര ചർച്ച നടത്തി. ഇന്ന് വൈകീട്ട് ആറിന് മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. പഹല്‍ഗാമിലെ ക്രൂരതയ്ക്ക്‌ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ആഭ്യന്തര മന്ത്രി അമിത് ഷായോട് സ്ഥലം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിൽ ഒരു മലയാളിയുള്‍പ്പെടെ 28 പേരാണ് കൊല്ലപ്പെട്ടത്. കുറച്ച് പേര്‍ ചികിത്സയിലാണ്. ശ്രീനഗറിൽ എത്തിച്ച മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. കൊല്ലപ്പെട്ട മലയാളി കൊച്ചി സ്വദേശി രാമചന്ദ്രന്റെ മൃതദേഹം എയർ ഇന്ത്യ വിമാനത്തിൽ ഒരു മണിയോടെ ഡല്‍ഹിയില്‍ എത്തിക്കും. അവിടെ നിന്ന് 4.30നുള്ള എയർ ഇന്ത്യ വിമാനത്തിൽ 7.30 ഓടുകൂടി നെടുമ്പാശേരിയിലെത്തിക്കും.

Similar Posts