< Back
India
ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ സ്‌ഫോടനം നടന്നപ്പോൾ കോൺഗ്രസിലെ രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടു- പ്രധാനമന്ത്രി

Narendra Modi | Photo | India Today

India

ഓപ്പറേഷൻ സിന്ദൂർ: പാകിസ്താനിൽ സ്‌ഫോടനം നടന്നപ്പോൾ കോൺഗ്രസിലെ രാജകുടുംബത്തിന് ഉറക്കം നഷ്ടപ്പെട്ടു- പ്രധാനമന്ത്രി

Web Desk
|
2 Nov 2025 3:52 PM IST

പ്രതിപക്ഷ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചു

പട്‌ന: കോൺഗ്രസിനും ഇൻഡ്യാ സഖ്യത്തിനുമെതിരെ പാക് ബന്ധമാരോപിച്ച് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിൽ രാജ്യം അഭിമാനിച്ചപ്പോൾ കോൺഗ്രസിനും അവരുടെ സഖ്യകക്ഷിയായ ആർജെഡിക്കും അത് ഇഷ്ടമായില്ലെന്ന് മോദി പറഞ്ഞു. സ്‌ഫോടനമുണ്ടായത് പാകിസ്താനിൽ ആണെങ്കിലും കോൺഗ്രസിലെ രാജകുടുംബത്തിനാണ് ഉറക്കം നഷ്ടപ്പെട്ടത്. ഓപ്പറേഷൻ സിന്ദൂരിന്റെ ആഘാതത്തിൽനിന്ന് മോചിതരാവാൻ കോൺഗ്രസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നും ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.

സീറ്റ് വിഭജനത്തിൽ പ്രതിപക്ഷം ഉണ്ടായിരുന്ന തർക്കത്തെയും മോദി വിമർശിച്ചു. വികസിത ഭാരതം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യവുമായി എൻഡിഎ മുന്നോട്ട് പോവുകയാണ്. മറുവശത്ത്, നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന് തൊട്ടുമുമ്പ് ബിഹാറിൽ അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ ഒരു കളി നടന്നു. ഒരു ആർജെഡി നേതാവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. എന്നാൽ ആർജെഡി അവസരം നഷ്ടപ്പെടുത്താൻ ഒരുക്കമായിരുന്നില്ല. കോൺഗ്രസിന്റെ തലക്ക് നേരെ തോക്ക് ചൂണ്ടിയാണ് ആർജെഡി മുഖ്യമന്ത്രി പദവി വാങ്ങിയതെന്ന് മോദി പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാറിന്റെ വിഭവങ്ങളിൽ നിങ്ങൾക്ക് അവകാശമില്ലേ? നുഴഞ്ഞുകയറ്റക്കാരെ ബിഹാർ പിടിച്ചെടുക്കാൻ നിങ്ങൾ അനുവദിക്കുമോ? അവരെ സംരക്ഷിക്കുന്നവർ കുറ്റവാളികളല്ലേ? ആർജെഡിയെയും കോൺഗ്രസിനെയും സൂക്ഷിക്കണം. അവർ ജംഗിൾ രാജിന്റെ പാഠശാലയിൽ പഠിച്ചവരാണെന്നും മോദി പറഞ്ഞു.

Similar Posts