< Back
India
ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ പൊലീസിന് കഴിയില്ല; അധികാരം ലൈസൻസിംഗ് അതോറിറ്റിക്ക് മാത്രം: കൊൽക്കത്ത ഹൈക്കോടതി
India

ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ പൊലീസിന് കഴിയില്ല; അധികാരം ലൈസൻസിംഗ് അതോറിറ്റിക്ക് മാത്രം: കൊൽക്കത്ത ഹൈക്കോടതി

Web Desk
|
28 July 2025 4:16 PM IST

കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനോ വേണ്ടി ലൈസൻസിംഗ് അതോറിറ്റിക്ക് അയക്കാവുന്നതാണെന്ന് കോടതി പറഞ്ഞു

കൊൽക്കത്ത: ഒരു പൗരന്റെ ഡ്രൈവിംഗ് ലൈസൻസ് പിടിച്ചെടുക്കാനോ സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്ന് കൊൽക്കത്ത ഹൈ കോടതി. അശ്രദ്ധമായി വാഹനമോടിച്ചുവെന്നാരോപിച്ച് പൊലീസിന് ഡ്രൈവറിൽ നിന്ന് ലൈസൻസ് പിടിച്ചെടുക്കാമെങ്കിലും അത് കോടതിയിലേക്ക് അയക്കണമെന്ന് കോടതി വിധിയിൽ പറയുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതിനോ സസ്പെൻഡ് ചെയ്യുന്നതിനോ വേണ്ടി ലൈസൻസിംഗ് അതോറിറ്റിക്ക് അയക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

'1988-ലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 206 പ്രകാരം ലൈസൻസ് പിടിച്ചെടുക്കാൻ പൊലീസ് ഉദ്യോഗസ്ഥന് അധികാരമുണ്ടെങ്കിലും ഡ്രൈവർ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യം പരിഗണിക്കുന്നതിനായി അദ്ദേഹം അത് കോടതിക്ക് അയക്കണം. സെക്ഷൻ 19 പ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ ലൈസൻസിംഗ് അതോറിറ്റിക്ക് അയക്കണം. അതിനാൽ ലൈസൻസ് സസ്പെൻഡ് ചെയ്യാനോ റദ്ദാക്കാനോ ജയിൽ ശിക്ഷ നൽകാനോ ഉള്ള അധികാരം അത് നൽകിയ ലൈസൻസിംഗ് അതോറിറ്റിയിൽ മാത്രമാണ് നിക്ഷിപ്തം.' ജസ്റ്റിസ് പാർത്ഥ സാരഥി സെൻ വിധിച്ചു.

ട്രാഫിക് ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്ന ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ശരിയായ പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അത്തരം പരിശീലനം ക്രമീകരിക്കാനും ലൈസൻസ് പിടിച്ചെടുക്കുന്ന ഓരോ കേസിലും ഒരു അംഗീകാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഡെപ്യൂട്ടി കമ്മീഷണർ (ട്രാഫിക്) ന് നിർദേശം നൽകിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.



Similar Posts