
'വോട്ടിനായി എന്നെ ഉപയോഗിക്കരുത്'; മോദിയുടെ അമ്മയെ കഥാപാത്രമാക്കി കോണ്‍ഗ്രസിന്‍റെ എഐ വിഡിയോ, പൊലീസില്‍ പരാതി
|സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് കോൺഗ്രസ് വിഡിയോയെന്ന് ബിജെപി വിമര്‍ശിച്ചു
പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരേതയായ മാതാവ് ഹീരാബെന്നിനെ കഥാപാത്രമാക്കി കോണ്‍ഗ്രസ് പുറത്തിറിക്കിയ എഐ വിഡിയോ വിവാദത്തിൽ.തന്നെ വോട്ടിനായി ഉപയോഗിക്കരുതെന്ന് മോദിയോട് മാതാവ് സ്വപ്‌നത്തിലെത്തി അപേക്ഷിക്കുന്ന രീതിയിലാണ് എഐ വിഡിയോ തയ്യാറാക്കിയിരിക്കുന്നത്. ബിഹാര്‍ കോണ്‍ഗ്രസ് ഘടകമാണ് വിഡിയോ പുറത്തിറക്കിയത്.
ബുധനാഴ്ചയാണ് വിഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 36 സെക്കൻഡ് ദൈർഘ്യമുള്ളതാണ് വിഡിയോ. നോട്ട് നിരോധന സമയത്ത് ആദ്യം തന്നെ ഒരു നീണ്ട ക്യൂവിൽ നിർത്തിയ അദ്ദേഹം പിന്നീട് തന്റെ കാലുകൾ കഴുകി റീലുകൾ നിർമ്മിച്ചുവെന്നും ഇപ്പോൾ തന്റെ പേരിൽ രാഷ്ട്രീയം കളിക്കുകയാണെന്നും മോദിയുടെ മാതാവ് പറയുന്നതും വിഡിയോയിലുണ്ട്.
വിഡിയോ പുറത്ത് വന്നതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്. മോദിയുടെ അമ്മയെ കോൺഗ്രസ് വീണ്ടു അപമാനിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി.കോൺഗ്രസ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്നും ബിജെപി നേതാക്കൾ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. കോൺഗ്രസ് വിഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഡൽഹിയിലെ ബിജെപി പ്രവർത്തകന്‍ പൊലീസില്‍ പരാതി നല്‍കി. ഡൽഹി നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് പരാതി കൊടുത്തത്.
ബിഹാറിലെ വോട്ടർ അധികാർ യാത്രയ്ക്കിടെയുള്ള ആർജെഡി -കോൺഗ്രസ് പ്രവർത്തകർ തന്റെ മരിച്ചുപോയ അമ്മയെ വരെ അധിക്ഷേപിച്ചെന്ന് നേരത്തെ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. മരിച്ചുപോയ തന്റെ അമ്മയ്‌ക്കെതിരായ അധിക്ഷേപങ്ങൾ രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും, പ്രത്യേകിച്ച് ബിഹാറിനും അപമാനമാണെന്ന് മോദി പറഞ്ഞു. ഇത്തരത്തിലുള്ള രാഷ്ട്രീയം ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. 'ആർജെഡി-കോൺഗ്രസ് സഖ്യം തന്റെ മരിച്ചുപോയ അമ്മയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചു. ഇത്തരം പ്രവൃത്തികൾ ബിഹാറിലെ സ്ത്രീകൾ ക്ഷമിക്കണമെന്നില്ല. "ആർജെഡി-കോൺഗ്രസിനോട് ഞാൻ ക്ഷമിച്ചേക്കാം, പക്ഷേ എന്റെ അമ്മയെ അപമാനിച്ചതിന് ബിഹാറിലെ ജനങ്ങൾ ഒരിക്കലും അവരോട് ക്ഷമിക്കില്ല. 'ഭാരതമാതാവിനെ' അപമാനിക്കുന്നവർക്ക് എന്റെ അമ്മയെ അധിക്ഷേപിക്കുന്നത് ഒരു തെറ്റല്ല; അത്തരം ആളുകളെ ശിക്ഷിക്കണം," പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ മുൻ സർക്കാരിനെ സ്ത്രീകൾ വോട്ട് ചെയ്ത് തോല്‍പ്പിച്ചതിന് പ്രതികാരം ചെയ്യാനാണ് ആർജെഡി ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.