< Back
India
മട്ടന് പകരം വിളമ്പിയത് ബീഫെന്ന് ആരോപണം; ബം​ഗാളി നടന്റെ പരാതിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്
India

മട്ടന് പകരം വിളമ്പിയത് ബീഫെന്ന് ആരോപണം; ബം​ഗാളി നടന്റെ പരാതിയിൽ ഹോട്ടൽ ജീവനക്കാരനെതിരെ കേസെടുത്ത് പൊലീസ്

Web Desk
|
1 Feb 2026 5:30 PM IST

വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം

കൊൽക്കത്ത: നഗരത്തിലെ പ്രശസ്തമായ ഭക്ഷണശാലയിൽ മട്ടൻ വിഭവത്തിന് പകരം ബീഫ് വിളമ്പിയതിനെ ചൊല്ലി വലിയ രീതിയിലുള്ള തർക്കം. ബംഗാളി ടെലിവിഷൻ നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ സായക് ചക്രവർത്തിയുടെ പരാതിയെ തുടർന്ന് കൊൽക്കത്തയിലെ പാർക്ക് സ്ട്രീറ്റിലുള്ള 'ഒളി പബ്ബ്' ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്.

സുഹൃത്തുക്കളോടൊപ്പം പബ്ബിലെത്തിയ സായക് ചക്രവർത്തി മട്ടൻ സ്റ്റീക്ക് ആണ് ഓർഡർ ചെയ്തത്. എന്നാൽ തനിക്ക് വിളമ്പിയത് ബീഫ് ആണെന്ന് കഴിച്ചതിന് ശേഷം തിരിച്ചറിഞ്ഞതോടെ താരം പബ്ബ് അധികൃതരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. താനൊരു ബ്രാഹ്മണനാണെന്നും മട്ടനാണെന്ന് കരുതി ബീഫ് കഴിക്കാൻ ഇടയായത് തന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും സായക് ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം തത്സമയം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വിഷയം വലിയ ചർച്ചയായി.

സായകിന്റെ പരാതിയിൽ പബ്ബ് ജീവനക്കാരനായ ശൈഖ് നസീറുദ്ദീനെതിരെ പാർക്ക് സ്ട്രീറ്റ് പോലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണ് നടപടി. അതേസമയം, ഇത് മനഃപൂർവം ചെയ്തതല്ലെന്നും ഓർഡർ എടുത്തതിലും വിളമ്പിയതിലും വന്ന പിഴവാണെന്നുമാണ് പബ്ബ് അധികൃതരുടെ പ്രാഥമിക വിശദീകരണം.

സംഭവം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേർ പ്രതിഷേധവുമായി രം​ഗത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

Similar Posts