
നാല് മാസമായി സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നത് ഏഴ് കോടി രൂപ; ജീവൻ പണയം വച്ചും കാവലിരുന്ന് പൊലീസുകാർ, രാത്രിയിൽ സ്റ്റേഷൻ അടച്ചിടും
|പൊലീസ് സ്റ്റേഷനിൽ വരുന്ന ആരെകുറിച്ചും വിശദമായി അന്വേഷിച്ചേ അകത്തേക്ക് കടത്തിവിടുള്ളു
ബെംഗളൂരു: സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്ന ഏഴ് കോടി രൂപയ്ക്ക് വേണ്ടി രാവും പകലും കാവലിരിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ. ബെംഗളൂരുവിലെ സിദ്ധാപൂർ പൊലീസ് സ്റ്റേഷനിലാണ് സംഭവം.
2025 നവംബറിൽ എടിഎമ്മിൽ പണം നിറയ്ക്കാൻ ഉപയോഗിച്ച വാനിൽ നിന്ന് ഏഴ് കോടി രൂപ കൊള്ളയടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടതാണ് തുക. കേസിൽ, സിഎംഎസ് കമ്പനിയിലെ മുൻ ജീവനക്കാരനായ സേവ്യർ, ഗോവിന്ദ്പുര പൊലീസ് സ്റ്റേഷൻ കോൺസ്റ്റബിൾ അന്നപ്പ നായിക്, സിഎംഎസിലെ മറ്റ് 5 ജീവനക്കാർ എന്നിവരുൾപ്പെടെ ആകെ 7 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്ന് 7 കോടി രൂപയും പൊലീസ് കണ്ടെടുത്തിരുന്നു.

എന്നാൽ, കഴിഞ്ഞ നാല് മാസമായി തുക മുഴുവൻ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ജീവൻ വരെ പണയം വെച്ചും പണത്തിന് കാവൽ നിൽക്കുകയാണ് ഇവർ. രാത്രിയിൽ സ്റ്റേഷന്റെ വാതിലുകൾ അടച്ചിടും. സ്റ്റേഷനിൽ വരുന്ന ആരെകുറിച്ചും വിശദമായി അന്വേഷിക്കും. പരാതി നൽകുന്നവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. പുലർച്ചെ 2 മണിക്ക് ശേഷം പ്രവേശനം നിയന്ത്രിക്കുന്നത് ഉൾപ്പെടെ അസാധാരണമായ സുരക്ഷാ നടപടികൾ സ്റ്റേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത നിരവധി വസ്തുക്കളും പണവും പോലീസ് സ്റ്റേഷനിലുണ്ട്. കോടതിയിൽ നിന്ന് ഉത്തരവ് വരുന്നതുവരെ അവ സുരക്ഷിതമായി സൂക്ഷിക്കേണ്ടത് ഉത്തരവാദിത്തമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.