
കർണാടകയിൽ ആർഎസ്എസ് പതാകകൾ നീക്കം ചെയ്ത് പൊലീസ്
|മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ചിറ്റാപ്പൂർ മണ്ഡലത്തിലാണ് നടപടി
ബെംഗളൂരു: മുൻകൂർ അനുമതിയില്ലാതെ ചിറ്റാപ്പൂർ നിയമസഭ മണ്ഡലത്തിലെ ചിറ്റാപ്പൂർ, ചാമരാജനഗർ നഗരങ്ങളിൽ സ്ഥാപിച്ച ആർഎസ്എസ് പതാകകൾ, പോസ്റ്ററുകൾ, ബണ്ടിംഗുകൾ, ഭഗവദ് ധ്വജങ്ങൾ എന്നിവ ശനിയാഴ്ച നഗരസഭാ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്തു. പൊതുസ്ഥലത്ത് ആർഎസ്എസ് പ്രവർത്തനം നിരോധിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയ കർണാടക മന്ത്രിയും എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ചിറ്റാപൂർ. ആർഎസ്എസ് സംഘടിപ്പിക്കുന്ന 'പഥ് സഞ്ചലൻ' (കാൽനട മാർച്ച്) പരിപാടിളുടെ പ്രചാരണത്തിന് സ്ഥാപിച്ചവയാണ് നീക്കം ചെയ്ത സാധനങ്ങൾ.
സംസ്ഥാനത്തുടനീളം പൊതു ഇടങ്ങളിൽ പരിപാടികൾ നടത്തുന്നതിന് സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക മന്ത്രിസഭ വ്യാഴാഴ്ച തീരുമാനിച്ചതിനെ തുടർന്നാണ് നടപടി. കർണാടകയിൽ 2012-13 വർഷം മുതിർന്ന ബിജെപി നേതാവ് ജഗദീശ് ഷെട്ടാർ മുഖ്യമന്ത്രിയായ കാലത്ത് പുറപ്പെടുവിച്ച സർക്കുലർ പുറത്തെടുത്താണ് പൊതു ഇടങ്ങളിൽ ആർഎസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കാനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ നീങ്ങിയത്.
ശനിയാഴ്ച പുലർച്ചെ മുതൽ ചിറ്റാപൂർ പട്ടണത്തിലെ പ്രധാന റോഡുകളിൽ പ്രദർശിപ്പിച്ചിരുന്ന ബാനറുകളും കാവിക്കൊടികളും നഗരസഭാ അധികാരികളും പൊലീസും ചേർന്ന് നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. ചാമരാജ നഗറിൽ ആർഎസ്എസ് റൂട്ട് മാർച്ചിനെതിരെ ദലിത് സംഘടനകൾ നടത്തിയ പ്രതിഷേധം അധികൃതരുടെ നടപടിയിലേക്ക് നീങ്ങുകയായിരുന്നു. റൂട്ട്മാർച്ചിനോ പരസ്യ സാമഗ്രികൾ പ്രദർശിപ്പിക്കുന്നതിനോ അനുമതി വാങ്ങിയിരുന്നില്ലെന്ന് ബോധ്യമായി. ഇതോടെ കാവിക്കൊടികളും അനുബന്ധ പ്രചാരണ ഇനങ്ങളും പൊലീസും നഗരസഭ അധികൃതരും ചേർന്ന് നീക്കം ചെയ്തു.
'ആർഎസ്എസ് കൊടി ദേശീയ പതാകയല്ല. ഒരു ബിജെപി നേതാവ് വീടുകളിൽ കയറി ആക്രമിക്കുമെന്ന് പോലും ഭീഷണിപ്പെടുത്തി. അത്തരം ഭീഷണികൾക്ക് നേരെ നമ്മൾ കണ്ണടയ്ക്കണോ? ഞാൻ പൊലീസിൽ പരാതി നൽകും. ഈ കാൽനട മാർച്ചുകൾ സംഘടിപ്പിക്കുന്നതിലൂടെ അവർ എന്നെയല്ല, മറിച്ച് നിയമത്തെയാണ് വെല്ലുവിളിക്കുന്നത്. ഭാവിയിൽ നിയമം അനുസരിക്കില്ലെന്ന് അവർ അവകാശപ്പെട്ടാൽ പിന്നെ എന്ത് സംഭവിക്കും?' സംഭവങ്ങളോട് പ്രതികരിച്ച് മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
'ആർഎസ്‌എസ് പ്രവർത്തകർ നല്ല പെരുമാറ്റമുള്ളവരാണെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു. പക്ഷേ അവർ ഉപയോഗിക്കുന്ന ഭാഷയിലൂടെ അവർ സ്വയം തുറന്നുകാട്ടി. ആവശ്യമായ അനുമതികൾ ലഭിക്കാത്തതിനാൽ അവരുടെ എല്ലാ ബാനറുകളും പതാകകളും നീക്കം ചെയ്തു.' ഖാർഗെ തുടർന്നു. പ്രതിപക്ഷ നേതാവ് ആർ. അശോക ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ മന്ത്രിസഭ യോഗതീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. ആർഎസ്‌എസ് പരിപാടികൾ പതിവുപോലെ തുടരുമെന്ന് പ്രഖ്യാപിക്കുകയും അവക്കെതിരെ നടപടിയെടുക്കാൻ സർക്കാരിനെ അശോക വെല്ലുവിളിക്കുകയും ചെയ്തു. ആർഎസ്‌എസ് ഗാനമായ നമസ്‌തേ സദാ വത്സലേ മൊബൈൽ റിംഗ്‌ടോണായി സജ്ജീകരിക്കണമെന്ന് ബിജെപി എംഎൽഎ എസ്ആർ വിശ്വനാഥ് പാർട്ടി നേതാക്കളോടും പ്രവർത്തകരോടും അഭ്യർഥിച്ചു.